കൊച്ചി : പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്സണ് മാവുങ്കലിനെതിരെ വീണ്ടും ഗുരുതര ആരോപണം. മോന്‍സന്റെ മൂന്ന് ആഡംബര കാറുകളിലൊന്നു മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങിന്റെ മകന്റെ പേരിലുള്ളതാണെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ചേര്‍ത്തല കളവംകോടത്തെ വര്‍ക്ക്ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്കായി നല്‍കിയിരുന്ന മൂന്ന് ആഡംബര കാറുകള്‍ കഴിഞ്ഞ ദിവസം പൊലീസ് പിടിച്ചെടുത്തിരുന്നു.
പഞ്ചാബ് രജിസ്ട്രേഷനിലുള്ള ബെന്‍സ് കാറാണ് മന്മോഹന് സിങിന്റെ മകന്റെ പേരിലുള്ളതെന്നാണു വിവരം. ഈ രജിസ്ട്രേഷന് കളവാണോ എന്നും പരിശോധിക്കും. ഇക്കാര്യം കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം മോട്ടോര്‍ വാഹന വകുപ്പിനു നിര്‍ദ്ദേശം നല്കി.
വര്‍ക്ക്ഷോപ്പ് ഉടമയില്‍ നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. രജിസ്ട്രേഷന് ഒറിജിനലാണെങ്കില്‍ മന്മോഹന് സിങിന്റെ മകന്റെ പേരിലുള്ള കാര്‍ എങ്ങനെ മോന്‍സന്റെ പക്കലെത്തി എന്നത് കേസില്‍ ഏറെ നിര്‍ണായകമാകും.
മോന്സണ് ഡെല്‍ഹിയിലടക്കം വലിയ ബന്ധങ്ങള്‍ ഉണ്ടെന്നും മൊഴിയുണ്ട്. ഈ സാഹചര്യത്തിലാണു ഇക്കാര്യം വിശദമായി അന്വേഷിക്കുന്നത്. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാനുള്ള അന്താരാഷ്ട്ര കള്ളക്കടത്തു സംഘത്തിന്റെ ബിനാമിയാണോ മോന്സണ് എന്നാണ് പ്രധാനമായും അന്വേഷണത്തിന് വിധേയമാക്കുക. മാവുങ്കലിന്റെ അംഗരക്ഷകര്‍ക്ക് തോക്ക് എങ്ങനെ കിട്ടിയെന്നും പരിശോധിക്കും.
അതിനിടെ കേസില്‍ എന്‍ഐഎ അന്വേഷണം തുടങ്ങിയിട്ടുണ്ട്.