ആലപ്പുഴ: കയർ ഫെഡ്ഡിലെ ക്രമക്കേടുകളിലും കെടുകാര്യസ്ഥതയിലും സർക്കാരിനെതിരെ തുറന്നപോരിന് സിപിഐ. സിപിഎമ്മിൻ്റേയും സിഐടിയുവിൻ്റേയും ഏകാധിപത്യ നിലപാടുകൾ കയർ മേഖലയെ നശിപ്പിക്കുകയാണെന്ന് എഐടിയുസി നേതാക്കൾ പറയുന്നു. കയർഫെഡ്ഡിലെ ക്രമക്കേടുകളെക്കുറിച്ച് കയർ വകുപ്പ് അഡീഷണൽ ഡയറക്ടർ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കയർഫെഡിലെ വഴിവിട്ട നീക്കങ്ങളിൽ കടുത്ത അതൃപ്തിയിലാണ് എൽഡിഎഫ് ഘടകക്ഷിയായ സിപിഐ. തൊഴിലാളികളുടെ വേതനം കൂട്ടുന്നതടക്കം വിവിധ ആവശ്യങ്ങൾ കയർഫെഡ് നേതത്വത്തിന് മുന്നിലേക്ക് ഉന്നയിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ സിപിഎമ്മിനും സിഐടിയുവിനും ഏകാധിപത്യ നിലപാടാണെന്ന വിമർശനമാണ് സിപിഐക്കുള്ളത്.
കയർ മേഖലയിലെ പ്രശ്നങ്ങളിൽ പരിഹാരം തേടി മുഖ്യമന്ത്രിയെ കാണാനാണ് എഐടിയുസി നേതാക്കളുടെ തീരുമാനം. അതേസമയം, വഴിവിട്ട നിക്കങ്ങളിൽ ആലപ്പുഴയിലെ കയർ ഫെഡ് ആസ്ഥാനത്ത് ഉൾപ്പെടെ അഡീഷണൽ ഡയറക്ടർ പരിശോധന നടത്തും.