സ്റ്റേഷനുകളെ ഷോപ്പിംഗ് ഹബ്ബുകളാകും; വരുമാനം കൂട്ടാൻ കൊച്ചി മെട്രോ

കൊച്ചി: വരുമാനം കൂട്ടാന്‍ പുതിയ മാര്‍ഗ്ഗങ്ങളുമായി കൊച്ചി മെട്രോ. കൊച്ചി മെട്രോ സ്റ്റേഷനുകള്‍ വൈകാതെ ഷോപ്പിംഗ് ഹബ്ബുകളാകും. സ്റ്റേഷനുകളില്‍ കിയോസ്കുകള്‍ സ്ഥാപിച്ച്‌ വാണിജ്യ ആവശ്യത്തിന് നല്‍കാനുള്ള പദ്ധതിയ്ക്ക് തുടക്കമായി. കിയോസ്കുകളുടെ ലേലത്തിനുള്ള ടെണ്ടര്‍ കെഎംആര്‍എല്‍ ക്ഷണിച്ചു.

സ്റ്റേഷനുകളില്‍ നിലവില്‍ തന്നെ കടകളുണ്ടെങ്കിലും ചെറുകിട നിക്ഷേപകരെ കൂടി ലക്ഷ്യമിട്ടാണ് കിയോസ്കുകള്‍. 22 സ്റ്റേഷനുകളിലായി 300 കിയോസ്കുള്‍ ആദ്യഘട്ടത്തില്‍ സജ്ജമാകും.
ലഭ്യമായ കിയോസ്കുകളുടെ അടിസ്ഥാന ലേല വിലയും ബിസിനസുകളും കെഎംആര്‍എല്ലിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

ഒരാള്‍ക്ക് പരമാവധി നാല് കിയോസ്കുകള്‍ വരെ ലേലത്തില്‍ പിടിക്കാം. ഇതിനായി മുന്‍കൂറായി 5,000 രൂപയടച്ച്‌ ഓണ്‍ലൈനായോ നേരിട്ടോ കെഎംആര്‍എല്ലില്‍ രജിസ്റ്റര്‍ ചെയ്യണം. അഞ്ച് വര്‍ഷമായിരിക്കും ലൈസന്‍സ് കാലാവധി, ആവശ്യമെങ്കില്‍ രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടാം. ലേലത്തിന്‍റെ തുടര്‍ വിവരങ്ങള്‍ കെഎംആര്‍എല്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.

കൊറോണ കാലത്ത് യാത്രക്കാര്‍ കുറഞ്ഞ് പ്രതിസന്ധിയിലായ കൊച്ചി മെട്രോ വരുമാനം ഉയര്‍ത്താന്‍ വിവിധ വഴികള്‍ തേടുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് കിയോസ്കുളും വരുന്നത്. യാത്രക്കാരെ ആകര്‍ഷിക്കാന്‍ വിശേഷ അവധി ദിവസങ്ങളില്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കാന്‍ തീരുമാനമായിരുന്നു. ഇതിന്‍റെ ആദ്യപടിയെന്നോണം ഗാന്ധിജയന്തി ദിനത്തില്‍ ടിക്കറ്റ് നിരക്ക് കുറച്ചിതിന് മികച്ച സ്വീകാര്യതയും കിട്ടിയിരുന്നു.