കൊച്ചി: കൊച്ചി മെട്രോ റെയില്‍ കോര്പ്പറേഷന് എംഡി ലോക്നാഥ് ബെഹ്റ അവധിയിലാണെന്ന വാര്‍ത്തകള്‍ തള്ളി കെഎംആര്‍എല്‍. ബെഹ്റ ഓഫീസില്‍ ഉണ്ടെന്നും അദ്ദേഹം അവധിയില്‍ പ്രവേശിച്ചിട്ടില്ലെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി.
അതേസമയം ഒക്ടോബര്‍ ഒന്നു മുതല്‍ നാലുവരെ കട്ടക്കില്‍ നടക്കുന്ന ഒഡിഷ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ അഭിമുഖ പാനലിലേക്ക് ക്ഷണം ലഭിച്ചതിനാൽ അതിന് പോവുകയാണെന്നും കെഎംആര്‍എല്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷന് മുന്പില് നിന്നും പെരുമ്പാമ്പിനെ പിടികൂടിയ ട്രാഫിക് ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ അഭിനന്ദിക്കുന്ന ബഹ്റയുടെ ചിത്രവും കെഎംആര്‍എല്‍ പങ്കുവെച്ചു ച്ചിട്ടുണ്ട്. മെട്രോ കോര്‍പ്പറേറ്റ് ഓഫീസില്‍ ഇന്ന് നടന്ന ചടങ്ങില്‍ ബെഹ്റ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ് ചിത്രം.
പുരവസ്തു തട്ടിപ്പിലൂടെ കോടികള്‍ തട്ടിയ മോണ്സന് മാവുങ്കലിന് ബെഹ്റ അടക്കമുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചെന്ന ആരോപണം ഉയര്‍ന്നതോടെ ലോക്നാഥ് ബെഹ്റ മൂന്ന് ദിവസമായി അവധിയിലാണെന്നായിരുന്നു വാര്‍ത്തകള്‍.
ബെഹ്റയും എഡിജിപി മനോജ് എബ്രഹാമും മോണ്‍സന്റെ വീട്ടില്‍ ഇരിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പൊലീസിന്റെ ‘ബീറ്റ് ബുക്ക്’ മോണ്‍സന്റെ വീടിനു മുന്നില്‍ സ്ഥാപിച്ചത് ബെഹ്റയുടെ നിര്‍ദേശപ്രകാരമായിരുന്നെന്ന വിവരവും പുറത്തുവന്നത്. എന്നാല്‍ ഇതിനോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല.