തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ വീണ്ടും ഭിന്നത രൂക്ഷമാകുന്നതിനിടെ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്നുള്ള വി എം സുധീകരൻ്റെ രാജിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് വി.എം. സുധീരന് അതൃപ്തിയുള്ളതായി അറിയില്ല.സുധീരൻ്റെ രാജി നിരാശാജനകമാണ്. അദ്ദേഹത്തെ നേരിൽ കണ്ട് സംസാരിക്കുമെന്നും സതീശൻ പറഞ്ഞു.
സുധീരൻ രാജിവച്ചതിന്റെ കാരണം തനിക്കറിയില്ല. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുധീരൻ രാജിവച്ചതെന്നാണ് കെപിസിസി പ്രസിഡന്റ് തന്നോട് പറഞ്ഞതെന്നും സതീശൻ പറഞ്ഞു. തനിക്ക് വലിയ പിന്തുണയാണ് സുധീരൻ തന്നിരുന്നത് സതീശൻ കൂട്ടിച്ചേർത്തു.
കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽനിന്നുമാണ് വിഎം സുധീരൻ രാജിവച്ചത്. പുതിയ നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചാണ് സുധീരൻ രാജിവച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് സുധീരൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരന് രാജികത്ത് കൈമാറിയത്.
രാഷ്ട്രീയകാര്യസമിതി നോക്കുകുത്തിയായെന്നും സുധീരൻ പരാതി ഉന്നയിച്ചു. പാർട്ടിയിൽ വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ല. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് താനുമായി കൂടിയാലോചന ഉണ്ടായില്ല. പുതിയ നേതൃത്വം വന്നശേഷം തീരുമാനങ്ങൾ ഏകപക്ഷീയമാണെന്നുമാണ് സുരധീരന്റെ പരാതി.