ചണ്ഡീഗഢ്: ചരണ്‍ജിത് സിങ് ഛന്നി പഞ്ചാബ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ സംസ്ഥാന കോൺഗ്രസ് ഘടകത്തിൽ ഭിന്നത രൂക്ഷമാകുന്നു. അടുത്ത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് നവജ്യോത് സിങ് സിദ്ദു ആയിരിക്കുമെന്ന പാര്‍ട്ടി നേതാവ് ഹരീഷ് റാവത്തിന്റെ പരാമര്‍ശത്തിന് എതിരെ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിൻ്റെ വിശ്വസ്തനായ കോൺഗ്രസ് നേതാവ് സുനില്‍ ഝക്കര്‍ രംഗത്ത് എത്തി.
എന്ത് അടിസ്ഥാനത്തിലാണ് ഹരീഷ് റാവത്ത് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് എന്ന് അറിയില്ലെന്ന് ഝക്കര്‍ പറഞ്ഞു. സിദ്ദുവിന്റെ കീഴില്‍ തിരഞ്ഞെടുപ്പിനെ നേരിടുമെന്നു സത്യപ്രതിജ്ഞാ ദിനത്തില്‍ റാവത്ത് നടത്തിയ പ്രസ്താവന മുഖ്യമന്ത്രിയുടെ അധികാരങ്ങള്‍ അട്ടിമറിക്കുന്നതാണെന്ന് ഝക്കര്‍ കുറ്റപ്പെടുത്തി.
നിലവിലെ സാഹചര്യങ്ങള്‍ വച്ചു നോക്കിയാല്‍ സിദ്ദു ജനപ്രിയ നേതാവാണെന്നും അദ്ദേഹം തന്നെ പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ നയിക്കുമെന്നും പഞ്ചാബിന്റെ ചുമതലയുള്ള റാവത്ത് പറഞ്ഞു. ചരണ്‍ജിത് സിങ് ഛന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് ഏകകണ്ഠമായാണെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ പിപിസിസി അധ്യക്ഷനായ സുനില്‍ ഝക്കറിന്റെ പേരും മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിച്ചിരുന്നു.