കളമശേരി മെഡിക്കൽ കോളജിൽ മരിച്ച കൊറോണ രോഗിയുടെ മൃതദേഹം പുഴുവരിച്ച സംഭവത്തിൽ നടപടിയെടുക്കാതെ അധികൃതർ

കൊച്ചി: കൊറോണ ബാധിച്ച്‌ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മ‌രിച്ച ദളിത് വൃദ്ധന്‍റെ മൃതദേഹത്തില്‍ പുഴുവരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയ്ക്കടക്കം പരാതി നല്‍കി നാല് ദിവസമായിട്ടും തുടര്‍ നടപടിയില്ലെന്ന് കുടുംബം. ആരോഗ്യവകുപ്പും ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. പരാതിയുമായി മുന്നോട്ട് പോകുമെന്ന് കുടുംബം അറിയിച്ചു.

കൊച്ചി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊറോണ ബാധിച്ച്‌ ചികിത്സയിലാരുന്ന പെരുമ്പാവൂര്‍ സ്വദേശി 85കാരനായ കുഞ്ഞപ്പന്‍ കഴിഞ്ഞ 14നാണ് മരിച്ചത്. ആശുപത്രിയില്‍ നിന്ന് പെരുമ്പാവൂര്‍ നഗരസഭ ശ്മശാനത്തില്‍ സംസ്കരിക്കാന്‍ കൊണ്ടുവന്നപ്പോഴാണ് മൃതദേഹത്തില്‍ പുഴുക്കളെ കണ്ടതെന്ന് മകന്‍ അനില്‍കുമാര്‍ പറയുന്നു. തുടര്‍ന്ന് അധികൃതര്‍ ധൃതിപിടിച്ച്‌ സംസ്കാരം നടത്തി. ഇതിന് പിന്നാലെ 16ന് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ല കളക്ടര്‍, പട്ടികജാതി കമ്മീഷന്‍ എന്നിവര്‍ക്കെല്ലാം കുടുംബം പരാതി അയച്ചു. പക്ഷേ ഒരു നടപടിയും ഉണ്ടായിട്ടില്ല.

പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് ഒരു തവണ വിളിച്ച്‌ വിവരം തേടി. പൊലീസിന്‍റെ ഭാഗത്ത് നിന്നും പിന്നീട് അനക്കമില്ല. ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ നടപടി എടുക്കും വരെ പരാതിയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്‍റെ തീരുമാനം. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതവും മെഡിക്കല്‍ കോളേജ് ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്താനുള്ളതുമാണെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്.