കോഴിക്കോട്: ജീവനും കാർഷിക വിളകൾക്കും ഭീഷണിയായ കാട്ടുപന്നിയെ കൊല്ലാൻ ഹൈക്കോടതി അനുമതി ലഭിച്ച 13 പേരിൽ കന്യാസ്ത്രീയും. മുതുകാട് സിഎംസി കോൺവന്റിലെ സിസ്റ്റർ ജോഫിക്കാണ് അനുമതി ലഭിച്ചത്. കോൺവന്റിലെ കൃഷി പന്നികൾ നശിപ്പിക്കുന്നതിലുള്ള സങ്കടം കൊണ്ടാണ് വി ഫാം കർഷക സംഘടനയുടെ നേതൃത്വത്തിൽ സിസ്റ്റർ ഹൈക്കോടതിയെ സമീപിച്ചത്.
കോഴിക്കോട്, വയനാട് ജില്ലകളിലുള്ള 13 പേർക്കാണ് കാട്ടുപന്നിയെ കൊല്ലാൻ ഹൈക്കോടതി അനുമതി നൽകിയത്. കോൺവന്റിന് 4 ഏക്കർ കൃഷി സ്ഥലമാണ് ഉള്ളത്. കപ്പ, വാഴ, ജാതി, ചേമ്പ്, ചേന, കാച്ചിൽ, തുടങ്ങിയ വിളകളെല്ലാം കാട്ടുപന്നി നശിപ്പിക്കുന്ന അവസ്ഥ. കൃഷിയിടത്തിനു സമീപം കാട്ടുപന്നി കൂടു കൂട്ടി കിടക്കുന്ന അവസ്ഥയാണ്.
മൂന്ന് വർഷം പഴക്കമുള്ള ജാതി തൈകൾ വേലി കെട്ടി സംരക്ഷിച്ചെങ്കിലും അതെല്ലാം കടിച്ചു കീറി ജാതി മരം മുഴുവൻ പന്നികൾ നശിപ്പിച്ചു. കാട്ടുപന്നിയെ തുരത്താതെ കൃഷി സാധിക്കില്ലെന്ന് വന്നതോടെയാണ് കോടതിയെ സമീപിച്ചതെന്നു സിസ്റ്റർ ജോഫി പറഞ്ഞു.