ചന്ദ്രിക കള്ളപ്പണ കേസ്; മുഈൻ അലി മനസ് തുറക്കുമോ; പാണക്കാട് കുടുംബാംഗം ഇന്ന് ഇഡിക്ക് മുന്നിലെത്തും

മലപ്പുറം: ചന്ദ്രിക പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ നേതാവുമായ മുഈന്‍ അലി ഇന്ന് എന്‍ഫോഴ്‌സ്മെന്റിന് മുന്നില്‍ ഹാജരായേക്കും. ചന്ദ്രികയ്ക്കായി കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഭൂമി വാങ്ങിയതിലടക്കം സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മുഈന്‍ അലി നേരത്തെ ആരോപിച്ചിരുന്നു. ഇന്ന് രാവിലെ 11മണിയോടെ ഇഡി കൊച്ചി ഓഫീസില്‍ ഹാജരായി മൊഴി നൽകാനാണ് മുഈന്‍ അലിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ചന്ദ്രിക ദിനപത്രം പ്രതിസന്ധിയിലാകാന്‍ കാരണം കുഞ്ഞാലിക്കുട്ടി നിയമിച്ച ഫിനാ‍ന്‍സ് മാനേജര്‍ അബ്ദുള്‍ സമീറിന്‍റെ കഴിവുകേടാണെന്നായിരുന്നു നേരത്തെ മുഈന്‍ അലി ഉന്നയിച്ച പ്രധാന ആരോപണം. പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടത് കുഞ്ഞാലിക്കുട്ടിയാണെന്നും മുഈന്‍ അലി പറഞ്ഞിരുന്നു. സമീറിനെയും കുഞ്ഞാലിക്കുട്ടിയെയും ചോദ്യം ചെയ്ത ശേഷമാണ് മുഈന്‍ അലിയുടെ മൊഴിയെടുക്കുന്നത്.