പെരുമ്പാവൂർ – വെസ്റ്റ് ബംഗാൾ ബസ് സർവീസ്; ബംഗാളിൽ നിന്നും പെരുമ്പാവൂരിലേക്ക് കൊണ്ടുവന്ന 150 കിലോ കഞ്ചാവ് പിടികൂടി; ആയുധ കടത്തിനും സാധ്യത

പാലക്കാട്: പശ്ചിമബംഗാളിൽ നിന്നും പെരുമ്പാവൂരിലേക്ക് കൊണ്ടുവന്ന 150 കിലോ കഞ്ചാവ് പിടികൂടി. പെരുമ്പാവൂർ – ആലുവ സ്വദേശികളായ സഞ്ജയ്‌, നിതീഷ് കുമാർ, ഫാരിസ് മാഹിൻ, അജീഷ്, സുരേന്ദ്രൻ എന്നിവരെയാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിടികൂടിയത്. അന്യസംസ്ഥാന
തൊഴിലാളികൾക്ക് വേണ്ടി പ്രത്യേകം നടത്തുന്ന ബസ് സർവീസിന് മറവിൽ കഞ്ചാവ് കടത്ത് നടക്കുന്നതായി ലഭിച്ച വിവരത്തേ തുടർന്നായിരുന്നു പരിശോധന.

കൽക്കട്ടയിൽ നിന്ന് 50 അന്യസംസ്ഥാന തൊഴിലാളികളുമായി വന്ന KL 40-H 452 നമ്പർ റാവൂസ് ട്രാവൽസ് ടൂറിസ്ററ് ബസിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. 70 പാക്കറ്റുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. സേലം കന്യാകുമാരി ദേശീയപാതയിൽ പാലക്കാട് പാലന ആശുപത്രിക്ക് സമീപം പടിഞ്ഞാറെ യാക്കര എൻ.എസ്.എസ് കരയോഗ മന്ദിരത്തിനു മുൻ വശത്തുള്ള സർവീസ് റോഡിൽ വച്ച് കഞ്ചാവ് കൈമാറ്റം നടത്തുന്നതിനിടെയായിരുന്നു പരിശോധന.

രണ്ട് ആഡംബര കാറുകളിലെത്തിയ സംഘമാണ് പിടിയിലായത്. സ്റ്റേറ്റ്എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവനായയ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ റ്റി അനികുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.

അനിൽകുമാറിനെ കൂടാതെ സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ. വി. വിനോദ്, ആർ ജി രാജേഷ്, ടി. ആർ. മുകേഷ്കുമാർ, എസ്. മധുസൂദനൻ നായർ,സി സെന്തിൽ കുമാർ , ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ മുസ്‌തഫ ചോലയിൽ, രാജ്‌കുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ വിശാഖ്, പി സുബിൻ, എസ് ഷംനാദ് , ആർ രാജേഷ് മുഹമ്മദ്‌അലി, അനീഷ് എക്‌സൈസ് ഡ്രൈവർ രാജീവ്‌ എന്നിവരാണ് ടീമിൽ ഉണ്ടായിരുന്നത്

പ്രതികളെ പാലക്കാട്‌ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ പാർടിക്ക് കൈമാറി. വിശാഖപട്ടണത്ത് നിന്നാണ് കഞ്ചാവ് കയറ്റിയതെന്നാണ് നിഗമനം. അണക്കപ്പാറ ചെക്കപോസ്റ്റില്‍ കള്ള് റെയ്ഡ് നടത്തിയ സംഘമാണ് പരിശോധന നടത്തിയത്. എറണാകുളം സ്വദേശിയായ സലാം എന്നയാള്‍ക്കുവേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന നിഗമനത്തിലാണ് എക്‌സൈസ്.

മൂന്ന് ദിവസമെടുക്കുന്ന സർവീസിൽ പിന്നിടുന്ന ദൂരം 3500 കിലോമീറ്റർ. കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ബിഹാർ, ഒഡീഷ, ബംഗാൾ, അസം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിലൂടെയാണ് യാത.

ലോക്ഡൗൺ കാലത്തു മടങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികളെ തിരികെക്കൊണ്ടുവരാൻ ഇതര സംസ്ഥാനങ്ങളിലേക്ക് ആരംഭിച്ച ടൂറിസ്റ്റ് ബസ് സർവീസുകളാണു സ്ഥിരം സർവീസാകുന്നത്. ബംഗാൾ, ഒഡീഷ, അസം എന്നീ സംസ്ഥാനങ്ങളിലേക്കാണു ബസ് സർവീസ്. ലോക്ഡൗൺ ഇളവുണ്ടായ ആദ്യകാലത്തു 7,000 രൂപ മുതൽ 10,000 രൂപ വരെയായിരുന്നു ഒരാൾക്കു ടിക്കറ്റ് ചാർജ്.

ട്രെയിനിൽ നാട്ടിലേക്കു പോയാൽ സ്റ്റേഷനുകളിൽ നിന്നു ബസിൽ മണിക്കൂറുകൾ യാത്ര ചെയ്താണു തൊഴിലാളികൾക്കു വീട്ടിലെത്താൻ കഴിഞ്ഞിരുന്നത്. ഉത്തരേന്ത്യയിലെയും വടക്കുകിഴക്കൻ ഇന്ത്യയിലെയും ഉൾഗ്രാമങ്ങളിൽ നിന്നു വരുന്ന തൊഴിലാളികൾക്കു വീടിനു സമീപത്തുളള ചെറുടൗണുകളിലെ സ്റ്റോപ്പുകളിൽ ഇറങ്ങാൻ കഴിയുമെന്നതാണു ബസ് യാത്രയുടെ സവിശേഷത.

ജില്ലയിൽ നിന്ന് ഇത്തരം നൂറോളം ബസുകളാണു സർവീസ് നടത്തുന്നത്. പെരുമ്പാവൂരിൽ നിന്നു ബംഗാളിലെ ഡോംകുലിലേക്കു വിമാന ടിക്കറ്റിന്റെ നിരക്കായിരുന്നു ബസിനും ആദ്യം. ഇന്നു കുറഞ്ഞ ചെലവിൽ കേരളത്തിലെ മിക്കവാറും പട്ടണങ്ങളിൽ നിന്നു സർവീസുണ്ട്.

ഇത്തരം ബസുകളിൽ ഒരു വകുപ്പും പരിശോധന നടത്താറില്ലെന്നതാണ് യാഥാർഥ്യം. കഞ്ചാവ് മുതൽ ആയുധങ്ങൾ വരെ കടത്തിയാലും ആരും പിടികൂടുകയില്ല എന്നതാണ് ഇത്തരക്കാരുടെ ധൈര്യം. കഴിഞ്ഞ ദിവസം 19 കള്ള തോക്കുകൾ കണ്ടെത്തിയ സംഭവം സംസ്ഥാനത്തെ നടുക്കിയിരുന്നു. കോതമംഗലത്ത് വിദ്യാർഥിനിയെ വെടിവെച്ച് കൊലപ്പെടുത്താൻ ഉപയോഗിച്ച തോക്ക് ബീഹാറിൽ നിന്നും കൊണ്ടു
വന്നതായിരുന്നു