നടുറോഡിൽ സ്ത്രീയുടെ മൃതദേഹം; അപകടമരണമെന്ന് കണ്ടെത്തൽ; കാർ ഓടിച്ച യുവാവ് അറസ്റ്റിൽ

കോയമ്പത്തൂർ: ചിന്നിയംപാളത്ത് നടുറോഡിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം അപകടമരണമാണെന്ന് പോലീസിന്റെ നിഗമനം. സംഭവത്തിൽ കാർ ഓടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശി ഫൈസലിനെയാണ് പോലീസ് പിടികൂടിയത്.

സെപ്റ്റംബർ ആറിന് പുലർച്ചെയാണ് അവിനാശി റോഡിൽ ചിന്നിയംപാളത്ത് നടുറോഡിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വാഹനങ്ങൾ കയറിയിറങ്ങി തിരിച്ചറിയാൻ കഴിയാത്തനിലയിലായിരുന്നു മൃതദേഹം. സമീപത്തെ സിസിടിവി ദൃശ്യം പരിശോധിച്ചതോടെ ഒരു എസ്.യു.വിൽനിന്ന് സ്ത്രീയുടെ മൃതദേഹം റോഡിലേക്ക് തള്ളിയതാണെന്നാണ് പോലീസ് കരുതിയത്.

വിശദമായ അന്വേഷണത്തിൽ 12 കിലോമീറ്റർ ദൂരത്തിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ സംഭവം അപകടമരണമാണെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. ഫൈസൽ ഓടിച്ച കാർ സ്ത്രീയെ ഇടിച്ചിട്ടതാണെന്നാണ് പോലീസ് ഇപ്പോൾ പറയുന്നത്. കാറിൽ കുരുങ്ങിയ സ്ത്രീയുമായി കാർ അല്പദൂരം മുന്നോട്ടുപോയി. ഇതിനിടെയാണ് മൃതദേഹം റോഡിലേക്ക് വീണത്. പിന്നീട് കാർ നിർത്തി യുവാവ് വാഹനം പരിശോധിച്ചതായും യാത്ര തുടർന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

സംഭവം വാർത്തയായതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാർ ഓടിച്ച യുവാവിനെ പിടികൂടിയത്. അതിനിടെ, മരിച്ചത് ഒരു നാടോടി സ്ത്രീയാണെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനങ്ങൾ കയറിയിറങ്ങി മുഖം ഉൾപ്പെടെ വികൃതമായതിനാൽ ഇവരെ തിരിച്ചറിയൽ ഏറെ ദുഷ്കരമായിരുന്നു.

ദിവസങ്ങൾ നീണ്ട അന്വേഷണത്തിലാണ് മരിച്ചത് നാടോടി സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞത്. നിലവിൽ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് അറസ്റ്റിലായ യുവാവിനെതിരേ കേസെടുത്തിരിക്കുന്നത്. അതേസമയം, സംഭവത്തിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്നതും പോലീസ് അന്വേഷിച്ചുവരികയാണ്.