പ്രിയപ്പെട്ട ഗാനം കേൾക്കാൻ തടവുകാരന് മോഹം; ആഗ്രഹം സാധിപ്പിച്ചു കൊടുത്ത് ജഡ്ജി; തടവുകാരന്‍ അത് കേള്‍ക്കാന്‍ ജയിലിലുണ്ടായിരുന്നില്ല

തിരുവനന്തപുരം: പ്രിയപ്പെട്ട നടന്‍ അഭിനയിച്ച സിനിമയിലെ ഇഷ്ടഗാനം കേള്‍ക്കണമെന്ന തടവുകാരന്റെ ആഗ്രഹം സാധിച്ചുകൊടുത്ത് ജഡ്ജി. ജയന്റെ ‘അങ്ങാടി’ എന്ന സിനിമയിലെ ‘കണ്ണും കണ്ണും തമ്മില്‍ തമ്മില്‍’ എന്ന ഗാനമാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരന് കേള്‍ക്കാന്‍ അനുമതി നല്‍കിയത്. തടവുകാരുടെ റേഡിയോ ആയ ഫ്രീഡം സിംഫണിയില്‍ ഇന്നലെ വൈകിട്ട് ഈ പാട്ട് കേള്‍പ്പിച്ചു.

എന്നാല്‍ പാട്ട് ആവശ്യപ്പെട്ട തടവുകാരന്‍ കേള്‍ക്കാന്‍ ജയിലിലുണ്ടായിരുന്നില്ല. ഒരു മാസം മുന്‍പ് ശിക്ഷ കഴിഞ്ഞിരുന്നു. അബ്കാരി കേസില്‍ ഒരു വര്‍ഷത്തേക്കു ശിക്ഷിക്കപ്പെട്ട തിരുവനന്തപുരം സ്വദേശിയ്ക്കായിരുന്നു ആഗ്രഹം. മൂന്നു മാസം മുന്‍പാണ് ‘ഫ്രീഡം സിംഫണി’ പ്രവര്‍ത്തനം തുടങ്ങിയത്. ഇഷ്ടമുള്ള ചലച്ചിത്രഗാനം തടവുകാര്‍ക്ക് എഴുതി നല്‍കാം. ജയിലിലെ സ്റ്റോറിലാണു കുറിപ്പ് ഏല്‍പിക്കേണ്ടത്.

എന്നാല്‍ ‘ആരാധകന്‍’ കുറിപ്പ് ഇട്ടത് ജില്ലാ ജഡ്ജിക്കു പരാതി നല്‍കാന്‍ സ്ഥാപിച്ച പെട്ടിയിലായിപ്പോയി. എല്ലാ മാസവും ഏഴാം തീയതിയാണ് പരാതിപ്പെട്ടി കോടതിയിലെത്തിക്കുക. കഴിഞ്ഞ മാസം ഇതു കോടതിയിലെത്തിയപ്പോഴേക്കും തടവുകാരന്‍ മോചിതനായിരുന്നു. ആവശ്യപ്പെട്ട പാട്ട് വച്ചുകൊടുക്കുന്നതു പരിഗണിക്കുമല്ലോ എന്ന നിര്‍ദേശത്തോടെ ജഡ്ജി തടവുകാരന്റെ കുറിപ്പ് ജയില്‍ സൂപ്രണ്ടിനു കൈമാറുകയും ചെയ്തു.