നിപ ഭീതിക്ക് വിരാമം; നിയന്ത്രണവിധേയം; പരിശോധിച്ച സാംപിളുകളെല്ലാം നെഗറ്റീവ്

കോഴിക്കോട്:  നിപ ബാധിച്ച് പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ച സംഭവം ഉണ്ടാക്കിയ ആശങ്ക പൂര്‍ണമായും ഒഴിയുന്നു. ചെറിയ ലക്ഷണമുള്ളവരുടെ  സാംപിളുകള്‍ പോലും പരിശോധനയ്ക്കായി പുണെയിലേക്ക് അയക്കുന്നുണ്ട്. പക്ഷെ ഇതുവരെ വന്ന സാമ്പിളുകളെല്ലാം നെഗറ്റീവാണെന്നും ഇത് വലിയ ആശ്വാസമാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

ആശങ്ക ഒഴിഞ്ഞെങ്കിലും ജില്ലയില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ തുടരും. ആദ്യ ദിനം കോഴിക്കോട്  താലൂക്കില്‍ 48 മണിക്കൂര്‍ വാക്‌സിനേഷന്‍ നടപടികള്‍ നിര്‍ത്തിവെച്ചെങ്കിലും ഇത് വീണ്ടും  തുടങ്ങിയിട്ടുണ്ട്. രോഗ ബാധിത പ്രദേശങ്ങളില്‍ മൊബൈല്‍ ലാബുകള്‍ സജ്ജീകരിച്ച് വാക്‌സിനേഷന്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. 

ഉറവിടം  കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ എന്‍.ഐ.വിയില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അതീവ ജാഗ്രത തുടരുകയാണ്. നിപ ബാധയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ച ലാബില്‍ നേരിയ ലക്ഷണവുമായി വരുന്ന മറ്റുള്ളവരേയും പരിശോധിക്കുന്നുണ്ട്. ആര്‍ക്കും ഇതുവരെ പ്രശ്‌നങ്ങളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.