കൊച്ചിയിൽ പിടികൂടിയ 19തോക്കുകൾക്കും ലൈസൻസില്ല ; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കൊച്ചി: ലൈസൻസില്ലാതെ സുരക്ഷാ ഏജൻസികൾ കൈവശം വെച്ചിരുന്ന തോക്കുകൾ പിടികൂടിയ സംഭവത്തിൽ കളമശേരി പൊലീസ് കേസെടുത്തു. പൊലീസ് 19 തോക്കുകളാണ് പിടികൂടിയത്. ഇവയ്ക്കൊന്നിനും ലൈസൻസില്ലായിരുന്നു. ആയുധ നിരോധന നിയമപ്രകാരമാണ് കേസ്. എസ്‌എസ്‌വി സെക്യൂരിറ്റി സ്ഥാപനത്തിനെതിരെയാണ് കേസ്. ജമ്മു കശ്മീരിൽ നിന്നാണ് തോക്കുകൾ കൊണ്ടുവന്നതെന്നാണ് വിവരം.

തിരുവനന്തപുരത്ത് തോക്കുകൾ പിടികൂടിയതിൻ്റെ പശ്ചാത്തലത്തിലാണ് സംഭവം. സിസ്കോ എന്ന സ്വകാര്യ ഏജൻസിക്ക് തോക്കുകളുള്ള ആളുകളെ വിതരണം ചെയ്യുന്ന മറ്റൊരു ഏജൻസിയും പ്രതിസ്ഥാനത്തുണ്ട്. ഇവർക്കെതിരെയും കേസെടുക്കും. തോക്കുകൾക്ക് എഡിഎമ്മിന്റെ ലൈസൻസ് വേണം. ഇന്ന് രാവിലെ തോക്കിന്റെ രേഖകൾ ഹാജരാക്കാൻ ഉടമകളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആരും രേഖകൾ ഹാജരാക്കിയിരുന്നില്ല.

ഈ തോക്കുകളുടെ രജിസ്ട്രേഷന്‍ കാണിച്ചിരിക്കുന്നത് കശ്മീരിലെ രജൗരി ജില്ലയിലാണ്. രജൗരി ജില്ലാ കളക്ടറുകമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്റെ സാധുത പൊലീസ് പരിശോധിക്കും. തിരുവനന്തപുരത്ത് കരമനയിലും ഇതേ ഏജൻസിയുടെ അഞ്ച് തോക്കുകളുമായി ജീവനക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു.

ഈ മാസം 13 നാണ് കരമന പൊലീസ്, എടിഎമ്മിലേക്ക് പണം കൊണ്ടുപോകുന്ന കമ്പനിയിലെ ജീവനക്കാരെ വ്യാജ ലൈസൻസുള്ള തോക്ക് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തത്. തോക്കിന് പുറമേ 25 വെടിയുണ്ടകളും കസ്റ്റഡിയിലെടുത്തിരുന്നു. ആറ് മാസത്തിലേറെ ഇവര്‍ തിരുവനന്തപുരത്ത് താമസിച്ചു. കരമന പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും ഇവരെ ചോദ്യം ചെയ്തു.