എആര്‍ നഗര്‍ ബാങ്കിലെ 1021 കോടിയുടെ കള്ളപ്പണ ഇടപാട് ; പിന്നില്‍ കുഞ്ഞാലിക്കുട്ടിയെന്ന് കെ ടി ജലീല്‍

മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി വീണ്ടും കെ ടി ജലീല്‍ രംഗത്ത്. എ ആര്‍ നഗര്‍ സഹകരണ ബാങ്കില്‍ 1021 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നെന്നും ഇതിന്റെ സൂത്രധാരന്‍ കുഞ്ഞാലിക്കുട്ടിയാണെന്നും ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. എ ആര്‍ നഗര്‍ ബാങ്കിനെ കേരളത്തിലെ സ്വിസ് ബാങ്കാക്കി കുഞ്ഞാലിക്കുട്ടി മാറ്റിയെന്നും ബാങ്കിലെ കള്ളപ്പണം ടൈറ്റാനിയം അഴിമതിയില്‍ നിന്നുള്ളതാണെന്നാണ് സംശയമെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിനുണ്ടായ ഭീമമായ നഷ്ടം കുഞ്ഞാലിക്കുട്ടിയില്‍ നിന്നും ഇടാക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടും ജലീല്‍ പുറത്ത് വിട്ടു. കുഞ്ഞാലിക്കുട്ടിയും ബാങ്ക് സെക്രട്ടറി ഹരികുമാറും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്.

ഹരികുമാര്‍ വിലാസങ്ങളില്‍ വ്യാപക തിരുത്തലുകളാണ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. പ്രാഥമിക സഹകരണ സംഘം മാത്രമായ ബാങ്കില്‍ 50000ല്‍ പരം അംഗങ്ങളും 80000 ന് മുകളില്‍ അക്കൗണ്ടുകളും ഉണ്ടാക്കിയാണ് കള്ളപ്പണ നിക്ഷേപവും അഴിമതിപ്പണം വെളുപ്പിക്കലും നടത്തിയിരിക്കുന്നതെന്നും ജലീല്‍ പറഞ്ഞു.

ലീഗ് നേതാക്കള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കി. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ നടത്തിയത് ഹവാല ഇടപാടാണെന്നും ജലീല്‍ ആരോപിച്ചു. കുഞ്ഞാലിക്കുട്ടിക്കായി ഹരികുമാര്‍ 863 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ 114 കോടിയുടെ അനധികൃത ഇടപാടുകള്‍ ഇതുവഴി നടന്നതായാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ദേശവിരുദ്ധ കള്ളപ്പണ ഇടപാടുകള്‍ ബാങ്ക് വഴി നടന്നതായി സംശയിക്കുന്നെന്നും ബാങ്കിലെ മുഴുവന്‍ ഇടപാടുകളും അന്വേഷിക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിം കുഞ്ഞും കേരളത്തിലെ വ്യവസായ മന്ത്രിമാരായിരിക്കെ പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട് കേസ് ഇപ്പോഴും നടന്നു വരികയാണ്. ടൈറ്റാനിയം അഴിമതിയിലൂടെ ആര്‍ജിച്ച ഈ പണമാകണം എ ആര്‍ നഗര്‍ ബാങ്കില്‍ നിക്ഷേപിച്ചതെന്നും ജലീല്‍ ആരോപിച്ചു.