നാട്ടുകാര്‍ തടഞ്ഞുവച്ച വാഹനം വിട്ടയച്ചു; വിഎസ്എസ്സിയിലേക്ക് കൊണ്ടുവന്ന ഉപകരണങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു

തിരുവനന്തപുരം: വിഎസ്‌എസ്സിയിലേക്ക് ഉപകരണങ്ങള്‍ കൊണ്ടുവന്ന കാര്‍ഗോ വാഹനങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. കനത്ത പോലീസ് സുരക്ഷയിലാണ് റോക്കറ്റ് ലൗഞ്ചിങ് സ്റ്റേഷനിലേക്ക് വാഹനം എത്തിച്ചത്. രാവിലെ വാഹനം ഒരു കൂട്ടം പ്രദേശവാസികള്‍ തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.

ഉപകരണത്തിന്റെ കയ്യറ്റിറക്കില്‍ നാട്ടുകാരായ തൊഴിലാളികളെ പങ്കാളികളാക്കണം എന്നും ഇതിന് കൂലി നല്‍കണം എന്നും ആവശ്യപ്പെട്ടായിരുന്നു നാട്ടുകാര്‍ പ്രദേശത്ത് സംഘടിച്ചത്. എന്നാല്‍ പൂര്‍ണമായും യന്ത്ര സഹായത്തോടെ ഉപകരണം ഇറക്കുന്നതിനാല്‍ തൊഴിലാളികള്‍ക്ക് കൂലി നല്കാനാവില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്.

നോക്കുകൂലിയായി 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് വിഎസ്‌എസ് സി അധികൃതര്‍ പറഞ്ഞു. പൊലീസും പ്രദേശവാസികളും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. വാഹനത്തില്‍ ആകെയുള്ളത് 184 ടണ്ണിന്‍റെ ലോഡാണ്. ഒരു ടണ്ണിന് 2000 രൂപ വീതമാണ് പ്രദേശവാസികള്‍ നോക്കുകൂലി ആവശ്യപ്പെട്ടതെന്ന് അധികൃതര്‍ പറയുന്നു.

പ്രതിഷേധക്കാരോട് കൃത്യമായി സംസാരിച്ചതാണെന്നും ജോലി ഇല്ലാതെ കൂലി കൊടുക്കാന്‍ കഴിയില്ലെന്നും പ്രോജക്‌ട് കണ്‍സള്‍ട്ടൻ്റ് രാജേശ്വരി
പറഞ്ഞു. പൂര്‍ണമായും യന്ത്രസഹായത്തോടെയാണ് ഈ ഉപകരണങ്ങളുടെ കയറ്റിറക്ക് നടക്കുന്നത്,

മൂന്നു പേരുടെ തൊഴില്‍ സേവനം മാത്രമാണ് ആവശ്യമെന്ന് ഇവര്‍ വ്യക്തമാക്കി. നിലവിലെ സംഭവം മുഖ്യമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചിട്ടുണ്ടെന്നും ഇനിയും പ്രതിഷേധം ഉണ്ടാവുകയാണെങ്കില്‍ വാഹനം ഉപേക്ഷിച്ചു പോവുകയല്ലാതെ വേറെ നിവര്‍ത്തിയില്ലെന്നുമാണ് പ്രോജക്‌ട് കണ്‍സള്‍ട്ടൻ്റ് പറയുന്നത്.

അധികൃതരും പൊലീസും നാട്ടുകാരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ നാട്ടുകാരുടെ ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ പ്രതിഷേധം താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഇടപെട്ട് നടപടിയെടുക്കാന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കിയിരുന്നു.