നിപ മൂലം മരിച്ച കുട്ടിയുടെ മാതാവിന് പനി; സമ്പർക്കപ്പട്ടിക പുറത്ത് വിട്ടു; വിപുലപ്പെടാൻ സാധ്യത

കോഴിക്കോട്: ചാത്തമംഗലത്ത് നിപ ബാധിച്ച്‌ മരിച്ച 12-കാരന്റെ മാതാവിന് ചെറിയ പനിയുള്ളതായായി ആരോഗ്യ വകുപ്പ്. പ്രാഥമിക സമ്പര്‍ക്കമുള്ള ഇവര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. സര്‍വൈലന്‍സ് ടീം ഇവരെ നിരീക്ഷിക്കുന്നുണ്ട്. ഇവര്‍ ഉള്‍പ്പെടെയുള്ളവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.

നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക പുറത്ത് വിട്ടു.ഇത് വിപുലപ്പെടാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളോട് അസ്വാഭാവികമായ പനി ലക്ഷണങ്ങളുമായി വരുന്ന കേസുകള്‍ അറിയിക്കാന്‍ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. നാളെ വൈകീട്ട് അവലോകനയോഗം ചേരും. മെഡിക്കല്‍ കോളേജിലെ ഐസിയു ബെഡുകളുടെ കുറവ് പരിഹരിക്കും. ഹൈറിസ്കില്‍ ഉള്ള 20 പേരുടെയും സാമ്പിള്‍ എന്‍വിഐയിലേക്ക് അയക്കും. മെഡിക്കല്‍ കോളേജ് പേ വാര്‍ഡ് ബ്ളോക് നിപ്പാ വാര്‍ഡാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

പ്രാഥമിക സമ്പര്‍ക്കപ്പട്ടിക

ഓഗസ്റ്റ് 27: വൈകിട്ട് അഞ്ച് മുതല്‍ 5.30 വരെ പാഴൂരില്‍ കുട്ടികളോടൊപ്പം കളിച്ചു.

ഓഗസ്റ്റ് 28: വീട്ടില്‍ തന്നെയായിരുന്നു.

ഓഗസ്റ്റ് 29: രാവിലെ 8.30-നും 8.45-നും ഇടയില്‍ ഇരഞ്ഞിമാവിലുള്ള ഡോ. മുഹമ്മദിന്റെ സെന്‍ട്രല്‍ ക്ലിനിക്കില്‍ എത്തി. ഓട്ടോയിലായിരുന്നു യാത്ര. രാവിലെ ഒൻപതോടെ വീട്ടിലേക്ക് തിരികെയെത്തി. അതും ഓട്ടോയിലായിരുന്നു.

ഓഗസ്റ്റ് 30: വീട്ടില്‍ തന്നെയായിരുന്നു.

ഓഗസ്റ്റ് 31: മുക്കം ഇഎംഎസ് ആശുപത്രിയിലേക്ക് അങ്കിളിന്റെ ഓട്ടോയില്‍ പുറപ്പെട്ടു (രാവിലെ 9.58 മുതല്‍ 10.30 വരെ).

തുടര്‍ന്ന് ഓമശേരി ശാന്തി ആശുപത്രിയിലേക്ക് അങ്കിളിന്റെ ഓട്ടോയില്‍ പോയി (രാവിലെ 10.30 മുതല്‍ 12 വരെ).

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ ആംബുലന്‍സിലെത്തിച്ചു.

സെപ്റ്റംബര്‍ 1: രാവിലെ 11-ഓടെ കോഴിക്കോട് മിംസിലെത്തിച്ചു (ഐസിയു). ആംബുലന്‍സിലാണ് എത്തിച്ചത്.

നിപ കണ്‍ട്രോള്‍ റൂം കോഴിക്കോട് കോള്‍ സെന്റര്‍ നമ്പര്‍: 0495 2382500, 0495 2382800