ചാലക്കുടി: കൊറോണാനന്തര ചികിൽസയിലായിരുന്ന മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചനപ്രഘോഷകൻ ബ്രദർ ജോയിക്കുട്ടി ജോസഫ്(53) അന്തരിച്ചു. ഇന്ന് രാവിലെ 8.30 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മൃതദേഹം ഡിവൈൻ ധ്യാനകേന്ദ്രത്തിൽ കൊണ്ടുവന്നു. സംസ്ക്കാര ശുശ്രൂഷകൾ നാളെ (ഞായർ) രാവിലെ 11ന് ചാലക്കുടി തച്ചൂടപറമ്പ് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
മൂന്ന് പതിറ്റാണ്ടായി പോട്ട – ഡിവൈൻ ധ്യാന ശുശ്രൂഷയിലെ അറിയപ്പെടുന്ന വചനപ്രഘോഷകനായിരുന്നു ജോയിക്കുട്ടി. പോട്ട ആശ്രമത്തിലാണ് ബ്രദർജോയിക്കുട്ടി ശുശ്രൂഷകൾ ആരംഭിച്ചത്. ജോയിക്കുട്ടിയും ഭാര്യ മാർഗരറ്റു (നന്ദിനി)മൊത്താണ് വചന ശുശ്രൂഷകൾ നടത്തിയിരുന്നത്. ധ്യാനകേന്ദ്രത്തിൻ്റെ ആദ്യകാലം മുതൽ ഏറെ സജീവമായ വചന പ്രഘോഷകനെയാണ് ഡിവൈന്‍ ധ്യാനകേന്ദ്രത്തിന് നഷ്ടമായതെന്ന് ഡയറക്ടർ ഫാ.ജോർജ് പനയ്ക്കൽ അനുസ്മരിച്ചു.
കൊറോണ ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും രോഗം ഭേദമായിരുന്നു. ഇടയ്ക്ക് ജോയിക്കുട്ടിയെ വെൻ്റിലേറ്റർ സഹായത്തിൽ നിന്ന് മാറ്റിയെങ്കിലും ആരോഗ്യനില വഷളായിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി കൊറോണ ബാധിച്ച് ചികിൽസയിലായിരുന്നു ജോയിക്കുട്ടി.