തൊടുപുഴ: ഫോണില്‍ വിളിച്ച് തേന്‍ കെണിയില്‍പ്പെടുത്തി ശാന്തന്‍പാറ സ്വദേശിയായ യുവാവിൽ നിന്ന് പണവും സ്കൂട്ടറും മൊബൈല്‍ഫോണും തട്ടിയെടുത്ത കേസില്‍ യുവതിയെകുറിച്ച് പോലീസിന് സൂചന ലഭിച്ചു. തൊടുപുഴയ്ക്ക് സമീപത്തുള്ള യുവതിയാണ് ശാന്തന്‍പാറ സ്വദേശി ജോഷിയെ ഫോണിലൂടെ പ്രണയം നടിച്ച് വിളിച്ചു വരുത്തിയതെന്നാണ് വിവരം ലഭിച്ചത്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി.
കേസുമായി ബന്ധപ്പെട്ട് ഒരാളെ ഇന്നലെ തൊടുപുഴ പോലീസ് പിടികൂടിയിരുന്നു. തോപ്രാംകുടി വാണിയപ്പിള്ളില്‍ ടിന്സന് എബ്രഹാമിനെ (31)യാണ് എസ്ഐ ബൈജു പി.ബാബുവിന്റെ നേതൃത്വത്തില്‍ കാഞ്ചിയാര്‍ ലബ്ബക്കടയില്‍ നിന്നും പിടികൂടിയത്. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി അര്ജുന്, മൈലക്കൊമ്പ് സ്വദേശി അമല്‍ ഷാജി എന്നിവര്‍ പിടിയിലാകാനുണ്ട്.
ടിന്‍സനെ ഇന്നു രാവിലെ മുതല്‍ തൊടുപുഴ സ്റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണ്. സംഘം കൂടുതല്‍ പേരെ ഹണിട്രാപ്പില്‍ കുടുക്കിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.കഴിഞ്ഞ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയെ ഉപയോഗിച്ച് ആദ്യം ഫോണിലൂടെ ജോഷിയുമായി ബന്ധം സ്ഥാപിച്ചു. ഇവര്‍ പ്രണയത്തിലായതോടെ അമലിന്റെ മൈലക്കൊമ്പിലെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി.
തുടര്‍ന്ന് ആറ് മണിക്കൂറോളം ഇയാളെ വീട്ടില്‍ ബന്ദിയാക്കി മര്‍ദിച്ചു.പിന്നീട് ജോഷി എത്തിയ സ്കൂട്ടറും ഇയാളുടെ പക്കലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും സംഘം പിടിച്ചുവാങ്ങി. രാത്രിയോടെ ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ട ജോഷി മൂന്ന് ദിവസത്തിന് ശേഷം തൊടുപുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ടിന്‍സണെ ലബ്ബക്കടയിലെ ബന്ധു വീട്ടില്‍ നിന്നും കട്ടപ്പന പോലീസിന്റെ സഹായത്തോടെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം അര്‍ജുന്റെ ഭാര്യയെയും പോലീസ് കണ്ടെത്തി. തൊടുപുഴയിലെ ഒരു വീട്ടില്‍ ജോലി ചെയ്തിരുന്ന ഇവര്‍ വീട്ടുകാരോട് പറയാതെ മുങ്ങുകയായിരുന്നു.
ഇവരെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ലബ്ബക്കടയിലെ വീട്ടില്‍ നിന്ന് ഇവരെ കണ്ടെത്തുന്നത്. പിടിയിലായ ടിന്‍സണ്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഏഴോളം കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.