തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ട്രിപ്പിള്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളുണ്ടാകും. അവശ്യ സര്‍വ്വീസുകള്‍ മാത്രമെ അനുവദിക്കൂ.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി 30,000 ത്തിന് മുകളിലാണ് കൊറോണ രോഗികളുടെ എണ്ണം. ഈ ഞായറാഴ്ച മുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. ടിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ പൊതുഗതാഗതം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയന്ത്രിക്കും. ആവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ടായിരിക്കുക. യാത്ര ചെയ്യുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടാകും.
ഏറ്റവും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ആളുകള്‍ പുറത്തിറങ്ങാന്‍ പടുള്ളൂ. സ്വാതന്ത്രദിനവും ഓണവും കണക്കിലെടുത്ത് കഴിഞ്ഞ രണ്ട് ആഴ്ചകളിലും ഞായറാഴ്ച ലോക്ക്ഡൗണ്‍ ഉണ്ടായിരുന്നില്ല. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ജനജീവിതം സാധാരണ നിലയില്‍ എത്തിയിരുന്നു.
ഇളവുകള്‍ നിലവില്‍ വന്നതോടെ സംസ്ഥാനത്ത് കൊറോണ കേസുകള്‍ ഉയരുന്ന സാഹചര്യമാണ് ഉണ്ടായത്. ഇതിനാലാണ് ഞായറാഴ്ചകളില്‍ നിയന്ത്രണം ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ശനിയാഴ്ച ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം വീണ്ടും നടപ്പാക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. വാരാന്ത്യ ലോക്ക്ഡൗണിനെതിരെ ഒരു വിഭാഗം എതിര്‍പ്പ് ശക്തമാക്കിയിരുന്നു. ഈ എതിര്‍പ്പ് അവഗണിച്ചാണ് ഞായറാഴ്ചകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.
ഹോം ക്വാറന്റൈന്‍ നടപ്പാക്കുന്നതിലുണ്ടായ വീഴ്ചയും കൊറോണ വ്യാപനം ശക്തമാകാന്‍ കാരണമായി. പുതിയ കൊറോണ കേസുകളില്‍ 35 ശതമാനം പേര്‍ക്കും ഹോം ക്വാറന്റൈനിലെ ജാഗ്രതക്കുറവ് മൂലമാണ് രോഗബാധയുണ്ടായതെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.