തിരുവനന്തപുരം: കൊറോണ രോഗബാധിതരുടെ വിവരങ്ങൾ കണ്ണൂരിലും കാസർകോട്ടും ചോർന്നത് അതീവ ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിലും കാസർകോട്ടും രോഗികളുടെ ഫോൺ നമ്പർ ഉൾപ്പടെയുള്ള വിവരങ്ങളാണ് ചോർന്നത്. ബാംഗ്ളൂർ ആസ്ഥാനമായ ചില ആശുപത്രികളിൽ നിന്നും തുടർ ചികിത്സക്ക് എന്ന് പറഞ്ഞാണ് ഫോൺവിളികൾ എത്തിയത്. പൊലീസ് തയ്യാറാക്കിയ സോഫ്ട് വെയറിൽ നിന്നാണ് ചോർച്ച ഉണ്ടായതെന്നാണ് ഇപ്പോൾ നൽകുന്ന വിശദീകരണം. രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരശേഖരണവും വിശകലനവും സ്പ്രിംഗ്ലർ ചെയ്യുന്നതെങ്കിൽ പൊലീസ് എന്തിന് പ്രത്യേക സംവിധാനം ഒരുക്കിയതെന്ന ചോദ്യം ഉദിക്കുന്നു. ഈ വിവര ചോർച്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കതിരെ ശക്തമായ നടപടി സ്വീകരിക്കണം. പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കേണ്ട ബാദ്ധ്യത സർക്കാരിനുണ്ടെന്നും രമേശ് ചെന്നിത്തല ഓർമ്മിപ്പിച്ചു.
സ്പ്രിംഗ്ലർ വിഷയത്തിൽ പ്രതിപക്ഷം ഉന്നയിച്ച ആശങ്കകൾ യാഥാർത്ഥ്യമാകുന്നു എന്ന സൂചനയാണ് ഈ സംഭവം. സ്പ്രിംഗ്ലറിന്റെ വിവര ശേഖരണത്തെപ്പറ്റിയുള്ള ആശങ്കകൾ പ്രതിപക്ഷം ഉന്നയിച്ചപ്പോൾ അത് കുരുട്ടു ബുദ്ധിയാണെന്ന് പറഞ്ഞ് പരിഹസിച്ചവർക്ക് ഇപ്പോഴെന്താണ് പറയാനുള്ളതെന്ന് ചെന്നിത്തല ചോദിച്ചു. പൗരന്മാരുടെ ആരോഗ്യ വിവരങ്ങൾ ചോരാതെ കാത്തു സൂക്ഷിക്കുന്നതിൽ സർക്കാർ തലത്തിൽ കാട്ടിയ ലാഘവബുദ്ധിയും അലംഭാവവും ജാഗ്രതക്കുറവുമാണ് കണ്ണൂരിലെയും കാസർകോട്ടെയും ചോർച്ചയ്ക്ക് കാരണം. സ്പ്രിംഗ്ലർ കരാറിലും ഡാറ്റയുടെ ചോർച്ച തടയുന്ന കാര്യത്തിൽ ഇതേ ലാഘവ ബുദ്ധിയാണ് സർക്കാർ കാണിച്ചത്. അതാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. ഹൈക്കോടതിയും അത് സമ്മതിക്കുകയും വിവര ചോർച്ച തടയുന്നതിനുള്ള നിബന്ധനകൾ ഏർപ്പെടുത്തുകയും ചെയ്തു.