മാനസ കൊലപാതകം; ബിഹാറില്‍ നിന്ന് തോക്ക് എത്തിച്ചത് ഭാഗങ്ങളായെന്ന് സംശയം

കൊച്ചി: കോതമംഗലം നെല്ലിക്കുഴിയില്‍ ഡെന്റല്‍ ഹൗസ്‌ സര്‍ജന്‍ പിവി മാനസയെ യുവാവ്‌ വെടിവച്ചുകൊലപ്പെടുത്തിയ കേസില്‍ ബിഹാറില്‍ നിന്നു കൈത്തോക്ക്‌ കൊണ്ടുവന്ന രീതിയെപ്പറ്റി കൂടുതല്‍ അന്വേഷണം. പ്രതി രഖിലിനു തോക്ക്‌ വിറ്റതിനു പിടിയിലായ ബിഹാറികള്‍ക്കു കേരളത്തില്‍ മറ്റാരെങ്കിലുമായി ഇടപാടുള്ളതായി കണ്ടെത്തിയിട്ടില്ല.

തോക്ക്‌ ഭാഗങ്ങളായി എത്തിച്ചതാണെന്നു സംശയിക്കുന്നെങ്കിലും പ്രതികള്‍ സമ്മതിച്ചിട്ടില്ല. പിടിക്കപ്പെടാതിരിക്കാനാണു ഭാഗങ്ങളായി കൊണ്ടുവന്നത്‌. ബിഹാറില്‍ പരിശീലനം നടത്തിയശേഷം തോക്ക്‌ അഴിച്ചിരിക്കാം.
കൂട്ടിയോജിപ്പിക്കാന്‍ ഇവിടെ സഹായം ലഭിച്ചോയെന്നും അന്വേഷിക്കുന്നു.

താന്‍ താമസിച്ചിരുന്ന വീടിനു സമീപം രഖില്‍ താമസിച്ചതു മാനസ അറിഞ്ഞിരുന്നതായി സാക്ഷിമൊഴിയില്‍ സൂചനയുണ്ട്‌. ഒരുമാസത്തോളം രഖില്‍ ഇവിടെ താമസിച്ചു. പലതവണ മാനസയെ കാണുകയും സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്‌തു.

മാനസ രഹിലിൻ്റ ആഗ്രഹം നിരസിച്ചതോടെ കൊല്ലാന്‍ തീരുമാനിച്ചെന്നാണു പോലീസ്‌ നിഗമനം. കൊലപാതകത്തിനും പ്രതിയുടെ ആത്മഹത്യക്കും ഉപയോഗിച്ച തോക്ക്‌ ബാലിസ്‌റ്റിക്‌ പരിശോധനയ്‌ക്കായി ഹൈദരാബാദിലേക്കയച്ചു.