തിരുവനന്തപുരം: ഓണം കഴിഞ്ഞതോടെ സംസ്ഥാനത്ത് മഴയും ഒഴിഞ്ഞു. കാലവര്‍ഷം അവസാനിക്കാന്‍ ഒരു മാസം ബാക്കി നില്‍ക്കെ സംസ്ഥാനത്ത് 27 ശതമാനം മഴ കുറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലില്‍ കഴിഞ്ഞവാരം രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളത്തില്‍ മഴ ശക്തമാക്കുമെന്നായിരുന്നു വിലയിരുത്തല്‍.
കേരളത്തില്‍ ഭീതിയാകുമെന്ന് സൂചന നൽകിയ ന്യൂനമര്‍ദ്ദം ഉത്തരേന്ത്യയിലേക്കാണ് നീങ്ങിയത്. ഡെൽഹി യടക്കമുള്ള സംസ്ഥാനങ്ങളില്‍ മഴ കിട്ടി. കേരളത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് കാലവര്‍ഷക്കാലമായി കണക്കാക്കുന്നത്. ഓഗസ്റ്റ് മാസം അവസാനിക്കാറായി. 1683.7 മി.മി. മഴ ലഭിക്കേണ്ട സ്ഥാനത്ത് കേരളത്തില്‍ പെയ്തത് 1220.8 മി.മി. മഴ മാത്രം. 27 ശതമാനം മഴ കുറവ്.
എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളില്‍ മാത്രമാണ് ശരാശരി മഴ കിട്ടിയത്. മറ്റ് 11 ജില്ലകളിലും 25 മുതല്‍ 40 ശതമാനം വരെ മഴ കുറഞ്ഞു. പാലക്കാട്ട് 40 ശതമാനം കുറവ് മഴയാണ് പെയ്തത്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് കാര്യമായ മഴയ്ക്ക് സാധ്യതയില്ല.
ഒരു ജില്ലയ്ക്കും മഴ ജാഗ്രത മുന്നറിയിപ്പില്ല. ഓഗസ്റ്റിലെ രണ്ടാമത്തെ ന്യൂനമര്‍ദ്ദം ഈ മാസം 27 ന് തെക്കന്‍ ഒഡീഷ തീരത്ത് രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഈ ന്യൂനമര്‍ദ്ദം ശക്തമായാല്‍ കേരളത്തിലും തെക്കേ ഇന്ത്യയിലും മഴ ശക്തമായേക്കുമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ വ്യക്തത കിട്ടാന്‍ കുറച്ച് കൂടി കാത്തിരിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.