കട്ടപ്പന: അരുവിക്കാട് സെന്‍റര്‍ ഡിവിഷനില്‍ വാക്‌സിന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ആരോഗ്യവകുപ്പ് ജീവനക്കാരെ തടഞ്ഞുവെച്ചു. എസ്റ്റേറ്റില്‍ 800 തൊഴിലാളികള്‍ക്ക് നല്‍കേണ്ട വാക്‌സിന്‍ മറ്റിടങ്ങളില്‍ നിന്നും എത്തിയവര്‍ക്ക് നല്‍കിയതാണ് പ്രകോപനത്തിന് കാരണമായത്. പഞ്ചായത്ത് പ്രസിഡന്‍റും പൊലീസുമെത്തിയാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. മൂന്നാറിലെ വിവിധ എസ്റ്റേറ്റ് മേഖലകളില്‍ വാക്‌സിനേഷന്‍ എത്തിക്കാന്‍ കാലതാമസം നേരിടുകയാണ്.
ത്രിതല പഞ്ചാത്ത് പ്രതിനിധികള്‍ തൊഴിലാളികള്‍ക്ക് വാക്‌സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിന് സമീപിച്ചെങ്കിലും ലഭ്യതക്കുറവ് തിരിച്ചടിയായി. തമിഴ്‌നാടുമായി ബന്ധിപ്പിച്ചുകിടക്കുന്ന മൂന്നാറിലെ തൊഴിലാളികള്‍ക്ക് ഇതോടെ നാട്ടിലെത്തി ബന്ധുമിത്രാദികളെ കാണുവാന്‍ കഴിയാത്ത അസ്ഥയാണ് നിലവിലുള്ളത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എസ്റ്റേറ്റ് മേഖലയിലെത്തി അവിടുത്തെ തൊഴിലാളികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് പഞ്ചായത്ത് അംഗത്തിന്റെ ആവശ്യപ്രകാരം അരുവിക്കാട് സെന്റര്‍ ഡിവിഷനിലെത്തിയത്. എന്നാല്‍ 800 തൊഴിലാളികള്‍ ഉള്ളിടത്ത് 50 പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കിയത്. ബാക്കിയുള്ളവര്‍ എസ്റ്റേറ്റിൻ പുറത്തുനിന്നും എത്തിവരായിരുന്നു. സംഭവം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ വാഹനമെടുത്ത് മറ്റിടങ്ങളിലേക്ക് പോകാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് കോണ്‍ഗ്രസ് മാട്ടുപ്പെട്ടി മണ്ഡലം സെക്രട്ടറി ആഡ്രൂസ് പറഞ്ഞു. കമ്പനിയില്‍ നിന്നും ക്യത്യമായ വിവരങ്ങള്‍ ശേഖരിച്ചാണ് എസ്റ്റേറ്റ് മേഖലകളില്‍ ആരോഗ്യവകുപ്പ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ മറ്റിടങ്ങളില്‍ നിന്നും അനര്‍ഹര്‍ മേഖലയിലെത്തി ക്യാമ്പില്‍ പങ്കെടുക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.