ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പാമോയില്‍ നയം കേരളത്തിലെ നാളികേര കര്‍ഷകരെ തകര്‍ക്കുന്നതാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എംപി കേരളത്തിനോടുള്ള വിവേചനമാണ് എണ്ണക്കുരു കൃഷി നയത്തിലൂടെ കേന്ദ്ര സർക്കാർ പ്രകടിപ്പിച്ചത്. നാളികേര വികസന പരിപാടി പ്രഖ്യാപിക്കാതിരുന്ന കേന്ദ്ര നടപടി കേരളത്തിന് ദോഷം ചെയ്യുയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് പാം ഓയില്‍ ഉത്പാദനവും ഉപഭോഗവും വര്‍ധിപ്പിക്കുന്നതിനാണ് പുതിയ നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 2025-26 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് അധികമായി 6.5 ലക്ഷം ഹെക്ടറില്‍ പാം ഓയില്‍ എണ്ണക്കുരു കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുന്ന നയവ്യതിയാനത്തിലേക്കു കേന്ദ്രസര്‍ക്കാര്‍ നീങ്ങിയപ്പോള്‍ നാളികേരത്തിന് കഴിഞ്ഞ തവണ ലഭിച്ച വിലയുടെ പകുതി പോലും കിട്ടാത്ത സ്ഥിതിയാണിന്ന്. ഉല്‍പ്പാദനച്ചെലവ്, കാലാവസ്ഥാ വ്യതിയാനം, കീടരോഗങ്ങള്‍ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളെ നേരിട്ടാണ് കര്‍ഷകര്‍ നാളികേരകൃഷി നടത്തുന്നത്.
കിടപ്പാടം പണയപ്പെടുത്തി കൃഷിചെയ്യുന്ന കര്‍ഷകന്റെ കടം എഴുതിത്തള്ളാന്‍ ഒരു നടപടിയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചില്ല. കേരളത്തിലെ നാളികേര കര്‍ഷകരുടെ പ്രതിഷേധവും ആശങ്കയും കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും കൃഷിവകുപ്പും പരാജയപ്പെട്ടെന്നും സുധാകരന് പറഞ്ഞു.