കോട്ടയത്ത് കൂടുതൽ ഹോട്ട്സ്പോട്ടുകൾ; നിയന്ത്രണങ്ങൾ കർശനമാക്കി

കോട്ടയം: ജില്ലയില്‍ അയ്മനം, അയര്‍ക്കുന്നം, വെള്ളൂര്‍, തലയോലപ്പറമ്പ്, ഗ്രാമപഞ്ചായത്തുകളെക്കൂടി കൊറോണ ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. നേരത്തെ വിജയപുരം, പനച്ചിക്കാട്, മണര്‍കാട് ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റിയിലെ രണ്ട്, 20, 29, 36, 37 വാര്‍ഡുകളും ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു.
കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്ന സാഹചര്യത്തില്‍
ഹോട്ട് സ്‌പോട്ടുകളില്‍ ആരോഗ്യം, ഭക്ഷണ വിതരണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും മാത്രമേ അനുമതിയുള്ളൂവെന്ന് കളക്ടർ അറിയിച്ചു.

കൊറോണ സ്ഥിരീകരിച്ചവരുടെ വീടുകള്‍ സ്ഥിതി ചെയ്യുന്ന മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി നിര്‍ണയിച്ചിട്ടുണ്ട്. ഇവിടെ കര്‍ശന നിയന്ത്രണം ഉണ്ടാകും. ഇത്തരം മേഖലകളില്‍ ഭക്ഷണ വിതരണത്തിന് തദ്ദേശഭരണ സ്ഥാപനങ്ങളും പോലീസും ചേര്‍ന്ന് ക്രമീകരണം ഏര്‍പ്പെടുത്തും.
സര്‍ക്കാര്‍ ഓഫീസുകള്‍ 33 ശതമാനം ഹാജര്‍ നിലനിര്‍ത്തി പ്രവര്‍ത്തിക്കണം. ഹോട്ട് സ്പോട്ടുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കേണ്ടതില്ല.അടിയന്തര ആവശ്യങ്ങള്‍ക്കൊഴികെ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കരുത്. വരും ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് നാളത്തെ യോഗത്തില്‍ തീരുമാനമെടുക്കും.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെയും ജനറല്‍ ആശുപത്രിയിലെയും മറ്റ് പ്രധാന ചികിത്സാ കേന്ദ്രങ്ങളിലെയും തിരക്ക് കുറയ്ക്കുന്നതിന് പൊതുജനങ്ങള്‍ സഹകരിക്കണം. ഗുരുതരമല്ലാത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്ക് തൊട്ടടുത്ത ആശുപത്രികളില്‍ ചികിത്സ തേടാന്‍ ശ്രദ്ധിക്കണം.

രോഗപ്രതിരോധനത്തിനായി ആരോഗ്യ വകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങൾ പാലിക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് കളക്ടർ നിർദേശിച്ചു.

പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നത് സംബന്ധിച്ച് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്‍റെ അധ്യക്ഷതയില്‍ നാളെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും.