തിരുവനന്തപുരം: നരേന്ദ്ര മോദി അധികാരത്തിൽ വന്നതിനുശേഷമാണ് ഭാരതത്തിന് പൂർണ സ്വാതന്ത്ര്യം ലഭിച്ചതെന്ന് സിപിഎമ്മിനും ബോധ്യമായതായി ബിജെപി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ. 74 വർഷമായി ആഘോഷിക്കാത്ത സ്വാതന്ത്ര്യം സി.പി.എം ഇപ്പോൾ ആഘോഷിക്കുന്നത് സ്വാഗതാർഹമാണ്.
ഇതുവരെ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞവർ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് ആഹ്ലാദകരമാണ്. ദേശീയപതാക ഉയർത്താൻ സി.പി.എമ്മിൻെറ മുതിർന്ന നേതാക്കൾ എത്തിയില്ലെങ്കിലും അടുത്ത വർഷം മുതൽ അവരും പങ്കാളികളാകും. അഞ്ചുവർഷം കഴിഞ്ഞാൽ സിപിഎം വന്ദേമാതരം ചൊല്ലാനും തുടങ്ങുമെന്നും സുരേന്ദ്രൻ പറഞ്ഞു.
യുവമോർച്ചയുടെ മാരത്തൺ യുവ സങ്കൽപയാത്ര കവടിയാർ ഗാന്ധിപാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യുവമോർച്ച ജില്ല പ്രസിഡൻറ് ആർ. സജിത്ത് അധ്യക്ഷത വഹിച്ചു. വി.വി. രാജേഷ്, ബി.എൽ. അജേഷ്, നന്ദു പാപ്പനംകോട്, കരമന പ്രവീൺ എന്നിവർ പ്രസംഗിച്ചു.