വയനാട്ടിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി; കൂടുതൽ കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും

കൽപ്പറ്റ: വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. വനം വകുപ്പിന്‌ കീഴിലുള്ള മുത്തങ്ങ, തോൽപ്പെട്ടി വന്യജീവി സങ്കേതങ്ങളും തുറന്നതോടെ വിനോദസഞ്ചാര മേഖല കൂടുതൽ പ്രതീക്ഷയിൽ. ആദ്യ ദിവസം കൂടുതൽ പേർ എത്തിയില്ലെങ്കിലും ഓണക്കാലം ഉൾപ്പടെയുള്ള അവധി ദിവസങ്ങളിൽ കൂടുതൽ വിനോദസഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ്‌ അധികൃതർ. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ പ്രവേശനം. ഒരു ഡോസ് വാക്സിൻ രണ്ടാഴ്ച മുമ്പെങ്കിലും സ്വീകരിവർക്ക്‌ പ്രവേശിക്കാം.

അല്ലാത്തവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ്‌ ടെസ്‌റ്റ്‌ സർട്ടിഫിക്കറ്റ്‌ കരുതണം. ഒരുമാസംമുമ്പ് കൊറോണ പോസിറ്റീവായിരുന്നവർക്കും പ്രവേശിക്കാം. രാവിലെ ഏഴ്‌ മുതൽ പത്ത്‌ വരെയും വൈകിട്ട്‌ മൂന്ന്‌ മുതൽ അഞ്ച്‌ വരെയുമാണ്‌ പ്രവേശം. വനം വകുപ്പിൻ കീഴിൽ വരുന്ന ഇക്കോ ടൂറിസം കേന്ദ്രമായ ചെമ്പ്ര പീക്ക്‌ തിങ്കളാഴ്‌ച തുറക്കും.

2018 വര്‍ഷത്തില്‍ ഹെെക്കോടതിയുടെ സ്റ്റേ ഓര്‍ഡര്‍ പ്രകാരം അടച്ചിട്ട ഇക്കോ ടൂറിസം സെന്റര്‍ മൂന്ന്‌ വര്‍ഷത്തിന് ശേഷമാണ് തുറക്കുന്നത്‌. നിയന്ത്രണങ്ങള്‍ക്ക് വിധേയമായാണ്‌ പ്രവേശം. ട്രക്കിങ്ങിന്റെ സമയം രാവിലെ ഏഴ്‌ മുതല്‍ ഉച്ചക്ക്‌ 12 വരെയും, സന്ദര്‍ശന സമയം രാവിലെ ഏഴ്‌ മുതല്‍ മൂന്ന്‌ വരെയുമായി നിജപ്പെടുത്തിയിട്ടുള്ളതായി മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം കെ സമീര്‍ പറഞ്ഞു.

മീൻമുട്ടി വെള്ളച്ചാട്ടം അടുത്തയാഴ്‌ച തുറക്കാൻ തീരുമാനമായിട്ടുണ്ട്‌. മേപ്പാടി സൂചിപ്പാറ വിനോദസഞ്ചാരകേന്ദ്രം കഴിഞ്ഞ ദിവസം തുറന്നെങ്കിലും കേന്ദ്രം ഉൾപ്പെടുന്ന വാർഡ്‌ കണ്ടെയിൻമെന്റ്‌ സോണായതോടെ അടയ്‌ക്കേണ്ടി വന്നു.

പഴശ്ശി പാർക്ക്‌, കുറുവ ദ്വീപ്, പൂക്കോട് തടാകം, വയനാട് ഹെറിറ്റേജ് മ്യൂസിയം ഒഴികെയുള്ള ഡിടിപിസിക്ക്‌ കീഴിലുള്ള മറ്റ്‌ വിനോദസഞ്ചാര കേന്ദ്രങ്ങൾ ചൊവ്വാഴ്‌ച തുറന്നിരുന്നു. ബാണാസുര, കാരാപ്പുഴ ഡാം വിനോദസഞ്ചാര കേന്ദ്രങ്ങളിലും വിനോദസഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടുണ്ട്‌.

ഡിടിപിസിക്ക്‌ കീഴിലുള്ള കേന്ദ്രങ്ങളിൽ കഴിഞ്ഞ മൂന്ന്‌ ദിവസമായി ആയിരത്തിലധികം പേർ എത്തി. കൊറോണ വ്യാപനത്തിൽ പാടെ തകർന്നുപോയ മേഖലയാണ്‌ തിരിച്ചുവരവ്‌ നടത്തുന്നത്‌. ടൂറിസം കേന്ദ്രങ്ങളിൽ സമ്പൂർണ വാക്‌സിനേഷൻ നടപ്പാക്കുന്ന പദ്ധതിയിലേക്ക്‌ ടൂറിസം വകുപ്പ്‌ കടന്നത്‌ വിനോദസഞ്ചാരികൾക്കും വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നവർക്കും ആത്മവിശ്വാസം പകർന്നു.