തിരുവനന്തപുരം: ചെമ്പഴന്തി എസ്എൻ കോളജിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്‍റിലെ അധ്യാപകനും എൻഎസ്എസ് പ്രോഗ്രാം ഓഫീസറുമായ ടി അഭിലാഷിന് ഇരുട്ടായാല്‍ പിന്നെ ചുംബന ലഹരിയാണ്. രാത്രികാലങ്ങളിൽ പെൺകുട്ടികളെ നിരന്തരം വാട്ട്സാപ്പിലൂടെ വീഡിയോ കോള്‍ ചെയ്തും ചുംബന ഇമോജികള്‍ അയച്ചുമാണ് ഇദ്ദേഹം തന്‍റെ ലീലാവിലാസങ്ങള്‍ പുറത്തെടുക്കുക.
ഇതൊരു സ്ഥിരം പരിപാടിയായതോടെയാണ് വിദ്യാർത്ഥികള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. പരാതി നൽകിയ വിദ്യാർത്ഥികളെ മാനേജ്മെന്‍റ് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. കോളജിൽ സംഘടിപ്പിച്ച ജന്‍ഡര്‍ സെൻസിറ്റിവിറ്റി ക്ലാസിന് ശേഷമാണ് പരാതിയുമായി കുട്ടികൾ രംഗത്തെത്തിയത്.
ആദ്യം രണ്ട് വിദ്യാർത്ഥികളാണ് പരാതിപ്പെട്ടത്. കോളേജ് മാനേജ്മെന്‍റിന്‍റെ സമ്മർദ്ദത്തെ തുടർന്ന് ഇവർ രേഖാമൂലം പരാതി നൽകാതെ പിൻവാങ്ങി. പിന്നാലെ ആറ് പേർ പ്രിൻസിപ്പാളിന് പരാതി മെയിലായി അയച്ചു. തുടർനടപടികൾ സ്വീകരിക്കാതെ പ്രിൻസിപ്പാൾ പരാതിക്കാരെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തിയെന്നും പരാതിക്കാരുടെ വിവരങ്ങൾ പുറത്തുവിട്ടെന്നും ആരോപണമുണ്ട്.
എച്ച്ഒഡിമാരടക്കമുള്ള അധ്യാപകർ വിദ്യാർത്ഥികളെ വിളിച്ച് പരാതി പിൻവലിപ്പിക്കാൻ സമ്മർദ്ദവും ചെലുത്തിയെന്നും പരാതിയുണ്ട്. യൂണിയൻ ഭാരവാഹികളടക്കം പരാതിയിൽ നിന്ന് പിൻവാങ്ങാൻ ആവശ്യപ്പെട്ട് കുട്ടികളില്‍ സമ്മർദ്ദം ചെലുത്തി. ചില അധ്യാപകർക്ക് തന്നോടുള്ള വിരോധത്തിന്റെ പേരിലാണ് പരാതിയെന്നും കൈതട്ടിയാണ് കോളുകൾ പോയതെന്നുമാണ് ആരോപണവിധേയനായ അഭിലാഷ് പറയുന്നത്.
ആഭ്യന്തര പരാതി പരിഹാര സെല്ലിന് കൃത്യസമയത്ത് പരാതി കൈമാറിയിട്ടുണ്ടെന്നും, സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നുമാണ് കോളേജ് മാനേജ്മെന്‍റിന്‍റെ വിശദീകരണം. വിദ്യാർത്ഥികളുടെ പരാതി ഗവർണർ ഡിജിപിക്ക് കൈമാറും.