തൃശൂർ: ഫെഡറൽ ബാങ്കിൽ പണയം വച്ച വസ്തുവിന് സഹകരണ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ്. കൊടകര സ്വദേശി അജിതിന്റെ മാള കുരുവിലശ്ശേരിയുള്ള വസ്തുവിനാണ് സഹകരണ ബാങ്കിന്റെ ജപ്തി നോട്ടീസ് ലഭിച്ചത്.
പത്ത് ലക്ഷം രൂപയിലേറെ അടക്കണമെന്ന് കാണിച്ചുകൊണ്ടാണ് അജിതിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിനും പുരയിടത്തിനും കുരുവിലശ്ശേരി സഹകരണ ബാങ്കിന്റെ ജപ്തി നോട്ടീസ് വന്നത്. ഈ സഹകരണ ബാങ്കിൽ നിന്ന് അജിത് യാതൊരു വായ്പയും എടുത്തിട്ടില്ല. മാത്രമല്ല അവിടെ മെമ്പർഷിപ്പും ഇല്ല എന്നതാണ് ഇതിലെ വൈരുദ്ധ്യം.
അജിത് സ്ഥലത്തിന്റെ ആധാരം പണയം വെച്ചിട്ടുള്ളത് ഫെഡറൽ ബാങ്കിലാണ്. 2010-ലാണ് അജിത് ഈ സ്ഥലം സുബ്രഹ്മണ്യൻ എന്നയാളിൽ നിന്ന് വാങ്ങിയത്. എല്ലാ രേഖകളും നൽകിയാണ് ഫെഡറൽ ബാങ്കിൽ നിന്ന് ഇയാൾ വായ്പ എടുത്തത്. ഇതിനിടെയാണ് യാതൊരു ബന്ധവും ഇല്ലാത്ത കുരുവിലശ്ശേരി സഹകരണ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വരുന്നത്.
ബാങ്ക് സെക്രട്ടറിയേയും പ്രസിഡന്റിനേയും ബന്ധപ്പെട്ടപ്പോൾ നിങ്ങൾക്ക് അത് പ്രശ്നമാവില്ലെന്നും ജപ്തി നോട്ടീസ് കാര്യമാക്കേണ്ടെന്നും പറഞ്ഞതായി അജിത് വ്യക്തമാക്കി. സ്ഥലത്തിന്റെ മുൻ ഉടമയുടെ വായ്പയുടെ തുടർ നടപടി എന്ന രീതിയിലാണ് നോട്ടീസ് അയച്ചതെന്നും ഇതൊരു സ്വാഭാവിക നടപടിയാണെന്നും ബാങ്ക് സെക്രട്ടറി വിശദീകരിച്ചു.