തിരുവനന്തപുരം: കൊറോണ വാക്സിനെടുക്കാൻ ഇനി മുതൽ സ്വന്തം തദ്ദേശ സ്ഥാപനത്തിലെ വാക്സിൻ കേന്ദ്രത്തിൽ തന്നെ രജിസ്റ്റർ ചെയ്യണം. സംസ്ഥാനത്തെ പുതുക്കിയ വാക്സിൻ വിതരണ മാർഗരേഖയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. സ്വന്തം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡിൽ തന്നെ വാക്സിൻ സ്വീകരിക്കുന്നുവെന്ന് എല്ലാവരും ഉറപ്പാക്കണം. മറ്റു സ്ഥലങ്ങളിൽ രജിസ്റ്റർ ചെയ്യുന്നവരോട് ഇക്കാര്യം ആരോഗ്യപ്രവർത്തകർ നിർദേശിക്കും.
താമസിക്കുന്ന തദ്ദേശ സ്ഥാപനത്തിനു പുറത്തെ വാക്സിനേഷൻ കേന്ദ്രത്തിൽ സ്ലോട്ട് ബുക്ക് ചെയ്യുന്നതിനു തടസ്സമില്ല. എന്നാൽ അതതു തദ്ദേശ സ്ഥാപനങ്ങളിലുള്ളവർക്കാകും മുൻഗണന. വാക്സിൻ വിതരണത്തിനായി വാർഡ് തലത്തിൽ മുൻഗണനാ പട്ടിക തയാറാക്കാനും തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ഓരോ കേന്ദ്രത്തിലും ലഭിക്കുന്ന വാക്സിൻ പകുതി ഓൺലൈൻ രജിസ്ട്രേഷൻ വഴിയും പകുതി സ്പോട്ട് രജിസ്ട്രേഷൻ വഴിയും വിതരണം ചെയ്യണം.
60 വയസ്സു കഴിഞ്ഞവർക്കും 18 വയസ്സ് കഴിഞ്ഞ കിടപ്പു രോഗികൾക്കും രണ്ടാം ഡോസ് സ്പോട്ട് രജിസ്ട്രേഷനിലൂടെ ലഭിക്കും. സർക്കാർ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ള ഇതര രോഗങ്ങളുള്ള 18 വയസ്സിനു മുകളിലുള്ളവർക്ക് ആദ്യ ഡോസും സ്പോട്ട് രജിസ്ട്രേഷനിലൂടെ നൽകും. മറ്റുള്ളവരെല്ലാം കോവിൻ പോർട്ടലിനൊപ്പം തദ്ദേശ സ്ഥാപനത്തിലും രജിസ്റ്റർ ചെയ്യണം. ഈ മാസം 15 ന് അകം 60 വയസ്സ് കഴിഞ്ഞവർക്കും 18 വയസ്സ് കഴിഞ്ഞ കിടപ്പു രോഗികൾക്കും വാക്സീൻ നൽകും. അവസാന വർഷ ബിരുദ, പിജി വിദ്യാർഥികൾ, എൽപി, യുപി സ്കൂൾ അധ്യാപകർ എന്നിവർക്കും 30നകം നൽകും.