കണ്ണൂർ: യൂട്യൂബ് വ്ലോഗർമാരായ ഇ–ബുൾ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റിനെത്തുടർന്ന് നിയമലംഘനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനും ആരാധകരായ 17 പേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. യൂട്യൂബർമാരുടെ വാൻ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞാണ് രാവിലെ മുതൽ മോട്ടർ വാഹന വകുപ്പിന്റെ ഓഫിസ് പരിസരത്ത് കുട്ടികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ തടിച്ചുകൂടിയത്. എന്തുമാകാം എന്ന നിലയിലായിരുന്നു ഇക്കൂട്ടരുടെ ഒത്തുചേരലെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്.
വാഹനം കസ്റ്റഡിയിലെടുത്ത വിവരം അറിയിച്ചുകൊണ്ട് വ്ലോഗർമാർതന്നെ പോസ്റ്റ് ചെയ്ത വിഡിയോയിൽനിന്നാണ് ഇവർ കണ്ണൂരിലെ ഓഫിസിൽ എത്തുന്ന വിവരവും സമയവും ആരാധകർ അറിഞ്ഞത്. സിവിൽ സ്റ്റേഷൻ പരിസരത്തെ കെട്ടിട സമുച്ചയത്തിന് ഇടയിലുള്ള ഭാഗത്തായിരുന്നു വാഹനം നിർത്തിയിരുന്നത്. ഇവിടെയെത്തി വാഹനത്തിനൊപ്പം ആരാധകർ സെൽഫിയെടുക്കുന്നുണ്ടായിരുന്നു.
മറ്റു ചിലർ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചും വെല്ലുവിളിച്ചും ചിലർ വിഡിയോകൾ ചിത്രീകരിക്കുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മോട്ടർ വാഹന വകുപ്പിന്റെ ഓഫിസിനുള്ളിൽ വ്ലോഗർമാർ ഉദ്യോഗസ്ഥരുമായി തർക്കിക്കാനും ലൈവ് വിഡിയോ ചിത്രീകരിക്കാനും തുടങ്ങിയതോടെയാണ് കാര്യങ്ങൾ പൊടുന്നനെ മാറിയത്.
ലൈവ് വിഡിയോ പുറത്തുവന്നതോടെ കൂടുതൽപേർ ഇവിടേക്ക് എത്താൻ തുടങ്ങി. ഇതിനിടെ ഓഫിസിലെ കംപ്യൂട്ടറുകളിലൊന്നിന്റെ മോണിറ്റർ യൂട്യൂബർമാരുടെ കൈ തട്ടി വീണു പൊട്ടുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തുടർന്ന് ഉദ്യോഗസ്ഥർ പൊലീസിൽ പരാതിപ്പെട്ടു. ശേഷം തൊട്ടടുത്ത ടൗൺ സ്റ്റേഷനിൽനിന്ന് എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി.
വ്ലോഗർമാരെ കസ്റ്റഡിയിലെടുത്തപ്പോൾ പൊലീസ് മർദിക്കുന്നുവെന്ന് ആരോപിച്ച് ഇരുവരും നാടകീയമായി പൊട്ടിക്കരഞ്ഞ് വൈകാരിക രംഗങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ടൗൺ സ്റ്റേഷനിൽ എത്തിച്ചതോടെ ആരാധകർ പൊലീസ് സ്റ്റേഷനു മുന്നിൽ റോഡിൽ തമ്പടിച്ചു. ഇതോടെ ഇവരെ പിരിച്ചുവിടാൻ പൊലീസ് ഇടപെട്ടു. പൊലീസിനു നേരെ കലാപാഹ്വാനം ചെയ്തുവെന്നും നിയമവിരുദ്ധമായി സംഘടിച്ചുവെന്നും കൊറോണ മാനദണ്ഡം ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി ഇവരിൽ 17 പേരെ അറസ്റ്റു ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
സമൂഹ മാധ്യമങ്ങളിൽ പൊലീസിനെതിരെയും മോട്ടർ വാഹന വകുപ്പിനെതിരെയും വ്ലോഗർമാരുടെ ആരാധകർ നടത്തിയ പ്രചാരണം സൈബർ സെൽ കർശനമായി നിരീക്ഷിക്കുന്നുണ്ട്. കേരളം കത്തിക്കും, പൊലീസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും വെബ്സൈറ്റുകൾ ഹാക്ക് ചെയ്യണം, ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പൊങ്കാലയിടണം തുടങ്ങിയ ആഹ്വാനങ്ങളും തുടരെ വന്നു.
ഇവരിൽ നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ പോസ്റ്റുകൾ ഇട്ടവരെയും അത്തരത്തിൽ തുടങ്ങിയ വാട്സാപ് ഗ്രൂപ്പുകളെയും ഫാൻ പേജുകളെയുമാണ് സൈബർ സെൽ നിരീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ ഇവർക്കെതിരെയും കർശന നടപടികളുണ്ടാകുമെന്നു പൊലീസ് പറഞ്ഞു.