കൊറോണ നിയന്ത്രണങ്ങളിലെ ഇളവുകള്‍ നിലവിൽ വന്നു; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു

തിരുവനന്തപുരം: കൊറോണ കേസുകള്‍ ഉയര്‍ന്ന തോതില്‍ തുടരുന്നതിനിടെ സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങളില്‍ ഇന്നുമുതല്‍ ഇളവുകള്‍ നിലവിൽ വന്നു. മാസങ്ങള്‍ക്കുശേഷമാണ് കേരളം കര്‍ശന നിയന്ത്രണങ്ങളില്ലാത്ത ദിവസങ്ങളിലേക്ക് കടന്നത്.

പരിഷ്‌ക്കരിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് ബീച്ചുകള്‍ ഉള്‍പ്പെടെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു. ബാങ്കുകള്‍, വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ എന്നിവ ആഴ്ചയില്‍ ആറുദിവസം തുറക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ അഞ്ച് ദിവസം പ്രവര്‍ത്തിക്കും. ഞായറാഴ്ച മാത്രമാണ് സമ്പൂര്‍ണ ലോക്ഡൗണ്‍.

എന്നാല്‍, ഓഗസ്റ്റ് 15, മൂന്നാം ഓണം എന്നിവ വരുന്നതിനാല്‍ അടുത്ത രണ്ട് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഉണ്ടാകില്ല. ഇതോടെ, ഓണക്കാലമായ രണ്ടാഴ്ച ജനജീവിതം സാധാരണ നിലയിലായേക്കും.

ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്കും 48 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കുമാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി. ടൂറിസം മേഖലകളിലെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ബുധനാഴ്ച മുതല്‍ മാളുകളും തുറക്കും. സാമൂഹിക അകലം പാലിച്ച് ആളുകള്‍ക്ക് പ്രവേശിക്കാം.

ഓണക്കാലത്ത് വിപണികള്‍ കൂടുതൽ സജീവമാകും. രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ കടകള്‍ക്ക് പ്രവര്‍ത്തിക്കാം. കടകളില്‍ പ്രവേശിക്കാന്‍ നിബന്ധനകളുണ്ടെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ നിയന്ത്രണം കര്‍ശനമാക്കരുതെന്ന് നിര്‍ദേശമുണ്ട്.