കോഴിക്കോട്: കൊറോണ പ്രതിസന്ധി തുടരുന്നതിനിടെ ആള്‍ക്കൂട്ടം ഉണ്ടാക്കിയെന്നാരോപിച്ച് നടന് മമ്മൂട്ടിക്കും രമേശ് പിഷാരടിക്കുമെതിരെ കേസ്. കോഴിക്കോട് നഗരത്തിലെ ആശുപത്രി ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്മാരെ കാണാന്‍ ആളുകള്‍ തടിച്ച് കൂടിയതാണ് കേസിന് കാരണമായത്.
ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് നഗരത്തിലെ മെയ്ത്ര ആശുപത്രിയില്‍ ഒരു ഉദ്ഘാടന ചടങ്ങിനായി മമ്മൂട്ടി എത്തിയത്. വിവരം അറിഞ്ഞ് പൊതുജനങ്ങള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ അവിടെ തടിച്ചുകൂടുകയായിരുന്നു.
ഉദ്ഘാടന ചടങ്ങ് കൊറോണ പ്രോട്ടോകോള്‍ പാലിച്ചായിരുന്നു നടന്നതെങ്കിലും അതിനു ശേഷമാണ് ആളുകള്‍ നടന്മാരുടെ ചുറ്റും കൂടിയത്. പരിപാടിക്ക് ശേഷം ആശുപത്രി സന്ദര്‍ശിക്കാന്‍ ഇരുവരും തീവ്രപരിചരണ വിഭാഗം ബ്ലോക്കിലെത്തിയിരുന്നു. ഇത് ആളുകള്‍ കൂട്ടംകൂടാന്‍ കാരണമായി.
മൊബൈല്‍ ക്യാമറയുമായി ആശുപത്രി ജീവനക്കാര്‍ ഉള്‍പ്പെടെ മമ്മൂട്ടിയെ കാണാനായി ഉന്തും തള്ളുമായി. ഇതോടെ സ്ഥലത്തുണ്ടായിരുന്ന എലത്തൂര്‍ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മമ്മൂട്ടി, രമേശ് പിഷരടി, പികെ അഹമ്മദ്, ആശുപത്രി ഉടമകള്‍ തുടങ്ങിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മുന്നൂറോളം പേര് ഇവിടെ തടിച്ചുകൂടിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
കൊറോണ രോഗികളെയടക്കം പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതില്‍ ആശുപത്രി അധികൃതര്‍ക്കെതിരെയും പ്രതിഷേധം ഉയരുന്നുണ്ട്. അതേ സമയം കൊറോണ മാനദണ്ഡം പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ആശുപത്രിക്ക് പിഴയീടാക്കുന്നതടക്കമുള്ള തുടര്‍ നടപടികളും ഉണ്ടാകും.