തിരുവനന്തപുരം: കൊറോണ വ്യാപനം കുറയാത്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപിക്കാൻ ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി സർക്കാർ. ഉദ്യോഗസ്ഥർ ശനിയാഴ്ച വരെ ജില്ലകളിൽ തുടരണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവരുത്താൻ തീരുമാനിച്ചതിന് പിന്നാലെയാണിത്.
പുതിയ നിയന്ത്രങ്ങൾ ഏകോപിപിക്കാനും നടപ്പാക്കാനും വകുപ്പ് സെക്രട്ടറിമാർ അടക്കം സീനിയർ ഐഎഎസ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. കാസർകോട് – സൗരഭ് ജെയിൻ, കണ്ണൂർ – ബിജു പ്രഭാകർ, വയനാട് – രാജേഷ് കുമാർ സിൻഹ, കോഴിക്കോട് – സഞ്ജയ് കൗൾ, മലപ്പുറം – ആനന്ദ് സിങ്, പാലക്കാട് – കെ ബിജു, തൃശൂർ – മുഹമ്മദ് ഹനിഷ്, എറണാകുളം – കെ.പി ജ്യോതിലാൽ, ഇടുക്കി – രാജു നാരായണസ്വാമി, കോട്ടയം – അലി അസ്ഗർ പാഷ, ആലപ്പുഴ – ശർമിള മേരി ജോസഫ്, പത്തനംതിട്ട – റാണി ജോർജ്, കൊല്ലം – ടിങ്കു ബിസ്വാൾ, തിരുവനന്തപുരം – മിനി ആന്റണി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ എ,ബി,സി,ഡി കാറ്റഗറി തിരിച്ചുള്ള നിലവിലെ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ഇന്നലെ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇതിനുപകരം ഓരോ മേഖലകൾ തിരിച്ചായിരിക്കും നിയന്ത്രണം. പുതിയ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച തീരുമാനങ്ങൾ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും.
അടുത്ത ആഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വന്നേക്കും. വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കി എല്ലാ ദിവസവും കടകൾ തുറക്കാനും പ്രവർത്തനസമയം കൂട്ടാനും ധാരണയായിട്ടുണ്ട്.