അലങ്കാര പക്ഷികളും വളർത്ത് മൃഗങ്ങളും വിൽപ്പനയ്ക്ക്; സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകി അനേകരുടെ പണം തട്ടിയ യുവാവ് അറസ്റ്റിൽ

കൊച്ചി: അലങ്കാര പക്ഷികളെയും വളർത്ത് മൃഗങ്ങളെയും വിൽക്കാനുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകി അനേകരുടെ പണം തട്ടുന്നത് പതിവാക്കിയ യുവാവ് അറസ്റ്റിൽ. വർക്കല സ്വദേശി മുഹമ്മദ് റിയാസ് (37) ആണ് പിടിയിലായത്. ഒരു ജോഡി ഗ്രേ പാരറ്റിനെ വിൽക്കാനുണ്ടെന്ന പരസ്യം കണ്ട് അഡ്വാൻസ് കൈമാറി തട്ടിപ്പിനിരയായ ആൾ നൽകിയ പരാതിയിലാണ് അറസ്റ്റ്.

ഫേസ്ബുക്കിലൂടെയാണ് ​ഗ്രേ പാരറ്റ് ഇനത്തിൽപ്പെട്ട തത്തയെ വിൽക്കാനുണ്ടെന്ന പരസ്യം പരാതിക്കാരൻ കണ്ടത്. 36,000 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച് 18,000 രൂപ അഡ്വാൻ ​ഗൂ​ഗിൾ പേ വഴി കൈമാറി. പക്ഷെ മാസങ്ങളായിട്ടും പക്ഷികളെ നൽകിയില്ല. ഇതേ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

സംസ്ഥാനത്താകെ ലക്ഷങ്ങൾ തട്ടിയതിന് ഇയാൾക്കെതിരെ നൂറിലേറെ കേസുകൾ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഗോവ പെറ്റ്സ്, ഡെയ്സി ഡേവിഡ്, ഷെർലോക് ഹോം എന്നിങ്ങനെ നിരവധി വ്യാജ ഐ‍ഡികൾ ഉപയോഗിച്ചാണ് ഇയാൾ ഇടപാടുകാരെ കണ്ടെത്തുന്നത്. അലങ്കാര പക്ഷികൾക്കും വളർത്ത് മൃഗങ്ങൾക്കുമുള്ള വിവിധ വാട്സാപ്പ് ​ഗ്രൂപ്പുകളിൽ വ്യാജ ഐഡിയിലൂടെ ഇയാൾ അം​ഗത്വമെടുക്കും.

ഓൺലൈനിൽ നിന്ന് സംഘടിപ്പിക്കുന്ന വിലകൂടി പക്ഷികളുടെയും വളർത്ത് മൃങ്ങളുടെയും ചിത്രം പോസ്റ്റ് ചെയ്താണ് ആളുകളെ വിശ്വാസത്തിലെടുക്കുന്നത്. പണം അഡ്വാൻസ് വാങ്ങിയാൽ ഫോൺ സ്വിച്ച് ഓഫ് ആക്കുന്നതാണ് രീതി.

അടുത്തിടെ മതം മാറി റിയാസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ആദ്യ പേരിലുള്ള തിരിച്ചറിയൽ രേഖകളും രണ്ടാം ഭാര്യയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉപയോ​ഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി.