കൊച്ചി: പിക്അപ് വാനിൽ തിക്കിനിറച്ചുകൊണ്ടുവന്ന പശുക്കളിൽ ഒന്ന് ചത്തു, മറ്റൊന്ന് വഴിയിൽ പ്രസവിച്ചു. പൊള്ളാച്ചി കോവിൽപാളയത്തുനിന്നാണ് വണ്ടിയിൽ തിക്കിനിറച്ച് കൊല്ലത്തേക്ക് പശുക്കളെ കൊണ്ടുവന്നത്. മൂന്നു പശുക്കളും രണ്ടു പശുക്കുട്ടികളുമാണ് പിക്അപ് വാനിലുണ്ടായിരുന്നത്.
കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപത്തുവച്ച് ബുധനാഴ്ചയാണ് പശു പ്രസവിച്ചത്. പശുവിന്റെ ഗർഭപാത്രം പുറത്തുചാടി. അവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കാതെ പശു തളർന്നു വീണതുകണ്ട നാട്ടുകാരാണ് ഡോക്ടറെ വിവരം അറിയിച്ചത്. തുടർന്ന് വെറ്ററിനറി സർജൻ പ്രീതിയുടെ നേതൃത്വത്തിലുള്ള സംഘമെത്തി പ്രസവിച്ച പശുവിന് പ്രഥമ ശുശ്രൂഷ നൽകി. പശുവിനെ മറ്റുള്ളവയ്ക്കൊപ്പം ഗോശാലയിലേക്ക് മാറ്റി.
വണ്ടിയിലുണ്ടായിരുന്ന ഒരാഴ്ച മുൻപ് പ്രസവിച്ച പശുവാണ് ചത്തത്. ഇതിന്റെ പോസ്റ്റ്മോർട്ടം നടത്തി മറവു ചെയ്തു. പ്രസവിച്ച പശുവിന്റേയും പശുക്കുട്ടിയുടേയും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഗോശാലയിൽ ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ട്. സംഭവത്തിൽ കൊല്ലം കയ്ക്കൽ സ്വദേശി ദാവൂദ് കുഞ്ഞിനെതിരെ (62) പനങ്ങാട് പൊലീസ് കേസെടുത്തു. പശുവിന്റെ ജഡം പോസ്റ്റ്മോർട്ടം നടത്താതെ മറവു ചെയ്യാൻ ശ്രമം മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന സൊസൈറ്റി അംഗങ്ങൾ രംഗത്തെത്തി തടഞ്ഞു. പൊലീസെത്തിയാണ് സംഘർഷം ഒഴിവാക്കിയത്.