ആലപ്പുഴ : ചെങ്ങന്നുരിൽ വൻ കഞ്ചാവ് വേട്ട. 25 കിലോ കഞ്ചാവുമായി ചെങ്ങന്നുർ , തിരുവല്ലാ സ്വദേശികൾ അറസ്റ്റിൽ.
ചെങ്ങന്നുർ വെട്ടിക്കാല തെക്കേചരുവിൽ സാഗർ (23), തിരുവല്ല തകിടിപ്പറമ്പിൽ സിയാദ് ഷാജി (28) എന്നിവരാണ് പിടിയിലായത്. ചെങ്ങന്നുരിലെ ഇടപാടുകാർക്ക്, വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത്. വോൾവോ ബസിൽ വന്ന് ഇറങ്ങി ഇടപാടുകാരെ കാത്തു നിൽക്കുമ്പോഴാണ് ഇവർ പോലീസിൻ്റെ പിടിയിലായത്.
പിടിച്ചെടുത്ത കഞ്ചാവിന് 15 ലക്ഷം രൂപ വില വരും. പ്രതികൾ ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി ബംഗ്ലുരുവിൽ എത്തിക്കും. അവിടെയുള്ള മലയാളികൾക്ക് ചില്ലറകച്ചവടം നടത്തി ബാക്കി ഇവിടെയുള്ള മൊത്ത വിൽപ്പനക്കാർക്ക് കൈമാറുകയാണ് പതിവ്. ഇവരെ കേന്ദ്രീകരിച്ച് കൂടുതൽ പേർ ലഹരി ഇടപാടുകൾ നടത്തുന്നുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
ആലപ്പുഴ ജില്ല പോലീസ് മേധാവി ജി ജയ്ദേവിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈഎസ്പി എംകെ ബിനുകുമാർ , ചെങ്ങന്നുർ ഡിവൈഎസ്പി ജോസ് ആർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലായിരുന്നു കഞ്ചാവ് പിടികൂടിയത്. ആലപ്പുഴ ഡാൻസാഫ് സ്ക്വാഡും , ചെങ്ങന്നുർ പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
പ്രതി സാഗർ ചെങ്ങന്നുരിൽ പല കേസുകളിലും പ്രതിയാണ്. പ്രതികളെ കൊറോണ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും. ലോക് ഡൗണിൻ്റെ മറവിൽ നടക്കുന്ന ലഹരി കടത്തിനും വില്പനക്കുമെതിരെ കർശന പരിശോധനയാണ് നടന്നു വരികയാണ്.