തിരുവനന്തപുരം: നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ പുനരുജ്ജീവിപ്പിക്കാന്‍ നടപടികളുമായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 2000 ത്തോളം ബസുകള്‍ നിരത്തില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
നഷ്ടത്തിലോടുന്ന സര്‍വീസുകള്‍ നിര്‍ത്തിയും ബസുകള്‍ നിരത്തില്‍ നിന്ന് പിന്‍വലിച്ചും സ്ഥാപനത്തിന്റെ നഷ്ടം കുറയ്ക്കാനുള്ള നീക്കത്തിലാണ് കെഎസ്ആര്‍ടിസി. ഭീമമായ നഷ്ടത്തിലുള്ള സര്‍വീസുകള്‍ നിര്‍ത്താന്‍ കോര്‍പ്പറേഷന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് ഗതാഗതമന്ത്രി പറഞ്ഞു. എന്നാല്‍ ഇത് സര്‍വീസുകളെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയ്ക്ക് മൊത്തം 6185 ബസുകളാണുള്ളത്. ഇവയില്‍ 3800 ബസുകള്‍ സര്‍വീസിന് ആവശ്യമുണ്ടെന്നാണ് വിലയിരുത്തല്‍. ഇവയ്‌ക്കൊപ്പം ആവശ്യമായ സ്‌പെയര്‍ ബസുകള്‍ കൂടി നിലനിര്‍ത്തിയാല്‍ മൊത്തം വേണ്ടത് 4250 ബസുകളാണ്. ബാക്കി 1935 ബസുകള്‍ ഡിപ്പോകളില്‍ നിന്ന് നീക്കാനാണ് നടപടി.
ഇത്തരത്തില്‍ ബസുകള്‍ പിന്‍വലിക്കുന്നതു വഴി ഒരു സര്‍വീസ് പോലും കുറയില്ലെന്നാണ് മന്ത്രി ആന്റണി രാജു പറയുന്നത്. എ, ബി, സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് സര്‍വീസുകളെ തരംതിരിക്കുക. ഇത്തരത്തില്‍ ഏറ്റവുമധികം നഷ്ടമുണ്ടാക്കുന്നതായി കാണുന്ന സര്‍വീസുകളാണ് കോര്‍പ്പറേഷന്‍ നിര്‍ത്തലാക്കുന്നത്.
അതേസമയം, സാങ്കേതിക തകരാറുകളുടെ ഭാഗമായി ബസുകള്‍ സര്‍വീസ് നിര്‍ത്തുമ്പോള്‍ യാത്രക്കാര്‍ പെരുവഴിയിലാകാതിരിക്കാനുള്ള നടപടിയും സ്വീകരിക്കാനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി.