ആംബുലൻസ് ഡ്രൈവർ ഇല്ലാതെ വന്നപ്പോൾ മറിയാമ്മ വളയം പിടിച്ചു; മഹാമാരിക്കാലത്തും രാപകൽ പ്രതിഫലേച്ഛശയില്ലാതെ കർമ്മനിരതമായി ഓട്ടം

തിരുവമ്പാടി: പാലിയേറ്റീവ്‌ കെയറിലെ ആംബുലൻസിൽ ഒരുദിവസം ഡ്രൈവർ ഇല്ലാതെ വന്നപ്പോൾ മറിയാമ്മ ചുമതലയേറ്റെടുക്കുകയായിരുന്നു.ഒമ്പതുവർഷമായി മറിയാമ്മ ആംബുലൻസ് ഓടിക്കാൻ തുടങ്ങിയിട്ട്. തിരുവമ്പാടി ലിസ ഹോസ്പിറ്റലിലെ ആംബുലൻസ് ഡ്രൈവറാണ് ഈ അമ്പത്തിരണ്ടുകാരി. പാലിയേറ്റീവ് സന്നദ്ധപ്രവർത്തകയെന്ന നിലയിൽ തികച്ചും സൗജന്യമായിട്ടാണ് ഇവരുടെ സേവനം.

കൊറോണ മഹാമാരി വന്നപ്പോഴും ഇവർ പകച്ചില്ല. പിപിഇ.കിറ്റ് ധരിച്ച് അർധരാത്രിയടക്കം രോഗികളെയുമായി ആശുപത്രികളിലേക്കും വീടുകളിലേക്കും നിരന്തര ഒട്ടം. പഠിക്കുന്ന കാലത്തുതന്നെ വീട്ടിലെ വാഹനങ്ങൾ മറിയാമ്മ ഓടിക്കാറുണ്ടായിരുന്നു. വാഹനങ്ങളോടുള്ള കമ്പവും സന്നദ്ധസേവന മനസ്സുംതന്നെ വളയം പിടിച്ചുള്ള ഈ ജീവന്മരണ പോരാട്ടയാത്രയ്ക്ക് പ്രചോദനം.

കൊറോണ മഹാമാരിയുടെ അതിവ്യാപനത്തിനിടയിലും കിതയ്ക്കാതെ കുതിക്കുകയാണ് മറിയാമ്മ ബാബുവിന്റെ ആംബുലൻസ്. തിരുവമ്പാടിയിലെ സാമൂഹികപ്രവർത്തകൻ മതിച്ചിപ്പറമ്പിൽ ബാബു ജോസഫിന്റെ ഭാര്യയാണ്. ചക്കിട്ടപ്പാറ സ്വദേശിനി. ചെറുവിള്ളാട്ട് വർക്കി-മേരി ദമ്പതിമാരുടെ മൂത്ത മകൾ. മെഡിക്കൽ ആൻഡ് സൈക്യാട്രി സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദധാരി. കർണാടകയിലെ ചേരിനിവാസികൾക്കിടയിൽ രണ്ടുവർഷം കമ്യൂണിറ്റി ഓർഗനൈസറായി പ്രവർത്തിച്ചിട്ടുണ്ട്.

ലിസ ഹോസ്പിറ്റൽ പാലിയേറ്റീവ് കെയർ സെന്റർ വൈസ് പ്രസിഡന്റായ ഇവർ മഹിളാ കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റും ആർആർടിയുമാണ്. മഹാമാരി കാലത്ത് ഏറെ പ്രകീർത്തിക്കപ്പെടേണ്ട സേവനമാണ് മറിയാമ്മയുടേതെന്ന് ഗ്രാമപ്പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൻ ലിസി അബ്രഹാം പറഞ്ഞു