തൃശൂർ: സീരിയൽ നടിയെ പീഡിപ്പിച്ച മേക്കപ്പ്മാന്റെ ജാമ്യാപേക്ഷ തള്ളി. ടി.വി. സീരിയലുകളിൽ കൂടുതൽ അവസരങ്ങൾ ശരിയാക്കി നൽകാമെന്നും വിവാഹം ചെയ്യാമെന്ന് പ്രലോഭിപ്പിച്ചും സീരിയൽ നടിയെ പീഡിപ്പിച്ച കൊടകര കുഴുപ്പുള്ളി സിജിന്റെ(36) ജാമ്യാപേക്ഷയാണ് തൃശൂർ ജില്ലാ സെഷൻസ് ജഡ്ജ് ഡി. അജിത് കുമാർ തള്ളിയത്.
ഇക്കഴിഞ്ഞ ജനുവരിയിലും മാർച്ചിലുമായാണ് കേസിനാസ്പദമായ സംഭവം നടന്നത്. സീരിയലുകളിൽ പ്രധാന താരങ്ങളുടെ മേക്കപ്പ്മാനായി ജോലി ചെയ്യുന്നയാളാണ് പ്രതി.
നടിയും സിജിനുമായി വഴക്കുണ്ടാവുകയും സിജിൻ കത്രിക കൊണ്ട് നടിയെ കുത്തുകയും മർദിക്കുകയും ചെയ്തതായും വീട്ടുകാരെ കൊലപ്പെടുത്തുമെന്നും തന്റെ നഗ്നചിത്രം സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
സീരിയൽ നടിയെ മേക്കപ്പ്മാൻ പീഡിപ്പിച്ചുവെന്ന വാർത്ത പുറത്തുവന്നതിനെത്തുടർന്ന് ധാരാളം സ്ത്രീകൾ പ്രതിക്കെതിരെ സമാനമായ രീതിയിലുള്ള ലൈംഗികപീഡനപരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു.
ജൂണ്‍ ഒന്‍പതിന് അറസ്റ്റിലായ പ്രതി ഇപ്പോഴും ജയിലിലാണ്.അന്വേഷണം പൂർത്തിയായിട്ടില്ലെന്നും പ്രതിയുടെ ചൂഷണം മൂലം ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന്റെ അന്വേഷണവും നടക്കുകയാണെന്നും ജാമ്യം നൽകരുതെന്നും ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി.ബാബു വാദിച്ചു.