ചരക്ക് സേവന നികുതിക്കൊപ്പം പ്രളയ സെസ്​; ഇതുവരെ പിരിച്ചത് 1750 കോടി; ഒരാഴ്ചക്കകം അവസാനിപ്പിക്കാൻ തീരുമാനം

തിരുവനന്തപുരം:ചരക്ക് സേവന നികുതിക്കൊപ്പം പ്രളയ സെസ്​ ഏർപ്പെടുത്താൻ തീരുമാനിച്ചപ്പോൾ ലക്ഷ്യമിട്ടത് 1200 കോടി രൂപയാണ്. എന്നാൽ ഇതുവരെ പിരിച്ചത് 1750 കോടിയോളം രൂപയാണ്. ലക്ഷ്യത്തിലുമേറെ പിരിച്ചെടുത്തതിനെ തുടർന്ന് ചരക്ക് സേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ്​ പിരിവ് ഇനി ഒരാഴ്ച കൂടി മാത്രം മതിയെന്നാണ് തീരുമാനം. പ്രളയാനന്തര കേരള പുനർനിർമാണത്തിനായി 2019 ഓഗസ്​റ്റ്​ ഒന്ന് മുതൽ രണ്ട്​ വർഷത്തേക്ക്​ സെസ്​ നടപ്പാക്കിയത്​. സെസ് പിരിവ് ഈ മാസം 31ന് അവസാനിക്കും.

അഞ്ച് ശതമാനത്തിനുമേൽ നികുതിയുള്ള ചരക്ക് – സേവനങ്ങൾക്കും ഉൽപന്നങ്ങൾക്കും അടിസ്ഥാന വിലയുടെ ഒരു ശതമാനവും സ്വർണം വെള്ളി എന്നിവയ്ക്ക് 0.25 ശതമാനവും ആയിരുന്നു സെസ് ചുമത്തിയിരുന്നത്​. ജൂലൈ 31ന്​ ശേഷം ഇത് പിരിക്കാൻ പാടില്ലെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമീഷണർ അറിയിച്ചു. ഇതനുസരിച്ച് വ്യാപാരികൾ ബില്ലിങ്​ സോഫ്റ്റ്‌വെയറിൽ വേണ്ട മാറ്റങ്ങൾ വരുത്തണമെന്നാണ് നിർദേശം.

വാഹനങ്ങൾക്ക്​ പുറമെ ,മൊബൈൽ ഫോൺ, ലാപ്ടോപ്, കമ്പ്യൂട്ടർ, ടി.വി, റഫ്രിജറേറ്റർ, മൈക്രോവേവ് അവ്ൻ, മിക്​സി,വാഷിങ് മെഷീൻ, വാട്ടർ ഹീറ്റർ, ഫാൻ, പൈപ്പ്, മെത്ത,ക്യാമറ, മരുന്നുകൾ, 1000 രൂപയിൽ കൂടുതൽ വിലയുള്ള തുണികൾ, കണ്ണട, ചെരുപ്പ്, ബാഗ്, സിമൻറ, പെയ്​ൻറ്​, മാർബിൾ, ടൈൽ, ഫർണിച്ചർ, വയറിങ് കേബിൾ, ഇൻഷുറൻസ്, സിനിമ ടിക്കറ്റ് തുടങ്ങിയവയക്ക്​ ഒരു ശതമാനം വിലയാണ്​ കുറയുക. അതായത് 10,000 രൂപയുടെ ഉൽപന്നത്തിന് 100 രൂപ കുറയും.