തൃശൂർ: സഹകരണബാങ്കിന്റെ മറവിൽ ആയിരം കോടിയുടെ തിരിമറി നടന്നതായി റിപ്പോർട്ട്. 100 കോടിയുടെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബാങ്കിന്റെ പേര് ഉപയോഗപ്പെടുത്തിയുള്ള റിസോർട്ട് നിർമാണം, ഇതിലേക്ക് വിദേശത്തുനിന്നുൾപ്പെടെയെത്തിയ ഭീമമായ നിക്ഷേപം എന്നിവയാണ് ഇതിൽ പ്രധാനം. കൂടാതെ ബിനാമി ഇടപാടുകളും നിക്ഷേപങ്ങളുടെ പലിശ കൂട്ടിക്കൊടുത്തുള്ള തട്ടിപ്പും ഇല്ലാത്ത ഭൂമി ഈടുവെച്ചുള്ള കോടികളുടെ സഹകരണബാങ്കിന്റെ മറവിൽ നടന്നത് ആയിരം കോടിയുടെ തിരിമറി നടന്നതായി റിപ്പോർട്ട്.
ചെറിയ തുകയുള്ള ഭൂമി ഈടുവച്ച് ഭീമമായ വായ്പയെടുത്തശേഷം എത്രയും പെട്ടെന്ന് ജപ്തിനടപടി സ്വീകരിക്കുകയെന്നതായിരുന്നു ഒരുതരത്തിലുള്ള തട്ടിപ്പ്. ഇതുവഴി കോടികളുടെ നഷ്ടമാണ് ബാങ്കിനുണ്ടായത്. വില കൂടിയ ഭൂമി ഈടുവെച്ച് ചെറിയ വായ്പയെടുക്കുന്നവരെ തിരിച്ചടവിന്റെ പേരിൽ സമ്മർദത്തിലാക്കി ജപ്തിനടപടിയിലേക്ക് എത്രയും വേഗം എത്തിച്ച് ആ ഭൂമി തട്ടിയെടുക്കുക എന്നതായിരുന്നു തട്ടിപ്പുകാരുടെ മറ്റൊരു തന്ത്രം.
ഭൂമി മറിച്ചുവിറ്റ് തട്ടിപ്പുകാർ കോടികൾ സമ്പാദിക്കുകയും ചെയ്തു. ഇത്തരത്തിൽ കരുവന്നൂർ ബാങ്കിൽ നേരിട്ടും അല്ലാതെയും അഞ്ചുവർഷത്തിനിടെ 1000 കോടിയുടെ തിരിമറി നടന്നിട്ടുണ്ടെന്നാണ് പോലീസിന്റെ ആദ്യനിഗമനം. ബാങ്കിന്റെ നിക്ഷേപത്തെ മാത്രമല്ല, ആസ്തിയെപ്പോലും ബാധിക്കുന്ന തരത്തിലുള്ള ക്രമക്കേടാണ് നടന്നതെന്ന് ജോയിന്റ് രജിസ്ട്രാർ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
ബാങ്കിൽ ബിനാമി ഇടപാടുണ്ടെന്ന പ്രസിഡന്റിന്റെയും മാനേജരുടെയും മൊഴിയും നിർണായകമാണ്. ബാങ്കിലെ ഇടപാടുകളിലെ തട്ടിപ്പ് സംബന്ധിച്ച് സഹകരണവകുപ്പ് നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 2011 മുതൽ റിയൽ എസ്റ്റേറ്റ് ബിസിനസിനും മറ്റുമായും ബാങ്കിൽനിന്ന് ബിനാമി വായ്പയെടുക്കാറുണ്ടെന്നും പിന്നീട് മാർച്ച് അവസാനം വായ്പ പുതുക്കേണ്ട ഘട്ടത്തിൽ ബിനാമി ഇടപാട് മറയ്ക്കുന്നതിനായി പഴയവസ്തുപരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ വരുത്താറുണ്ടെന്നും ബാങ്ക് മാനേജർ എം.കെ. ബിജു അന്വേഷണക്കമ്മിഷന് മൊഴി നൽകിയിട്ടുണ്ട്.
ഇക്കാര്യം അന്വേഷണ റിപ്പോർട്ടിന്റെ 26-ാം പേജിലുണ്ട്. ബാങ്കിന്റെ നിയമാവലി വ്യവസ്ഥ 42 (6) പ്രകാരം ജാമ്യവസ്തുക്കൾ പരിശോധിച്ച് ബോധ്യപ്പെടേണ്ട ചുമതല ബാങ്ക് ഭരണസമിതിക്കാണ്. എന്നാൽ, വസ്തുവിന്റെ മതിപ്പുവില പരിഗണിക്കാതെ ഉയർന്ന തുക വായ്പ നൽകിയ ഭരണസമിതി ബിനാമി ഇടപാടിന് കൂട്ടുനിന്നുവെന്നും റിപ്പോർട്ടിലുണ്ട്.
ജീവനക്കാരുടെ റിയൽ എസ്റ്റേറ്റ് ബിസിനസിന് സഹായിക്കുംവിധം ബാങ്കിൽനിന്ന് വായ്പ അനുവദിച്ചിട്ടുണ്ടെന്ന് പ്രസിഡന്റും സഹകരണ വകുപ്പിന്റെ അന്വേഷണസംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യം അന്വേഷണ റിപ്പോർട്ടിന്റെ 28-ാംപേജിൽ പ്രതിപാദിച്ചിട്ടുണ്ട്. ബാങ്കിന്റെ നിയമാവലിവ്യവസ്ഥ 42 (14) പ്രകാരം അംഗങ്ങൾക്ക് വായ്പ അനുവദിക്കുന്നതിന് അധികാരപ്പെട്ട ബാങ്ക് ഭരണസമിതി തങ്ങളുടെ അധികാരം ദുർവിനിയോഗം ചെയ്തെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.