മറയൂർ: മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ ഗ്രാമങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ ശല്യത്തിന് കുറവില്ല. മുൻപ് രാത്രിമാത്രമാണ് ഇവയുടെ ശല്യമെങ്കിൽ ഇപ്പോൾ പകലും ഭീതിപടർത്തി ജനവാസമേഖലയിലും കൃഷിയിടങ്ങളിലും ആനയിറങ്ങുന്നുണ്ട്. പത്തിലധികം കാട്ടാനകളാണ് ചിന്നാർ അതിർത്തിയിൽ തമ്പടിച്ച് ഗ്രാമവാസികൾക്ക് ഭീതിപടർത്തുന്നത്.
മറയൂർ പഞ്ചായത്തിലെ കരിമൂട്ടി, ഇന്ദിരനഗർ, രാജീവ്നഗർ, ബാബുനഗർ, പട്ടം കോളനി, ഈച്ചാംപ്പെട്ടി, ഇരുട്ടളക്കുടി എന്നീ ഗ്രാമങ്ങളിലും കാന്തല്ലൂർ പഞ്ചായത്തിലെ കീഴാന്തൂർ, വെട്ടുകാട്, കുണ്ടക്കാട്, കുളച്ചിവയൽ മേഖലകളിലുമാണ് കാട്ടാനശല്യം തുടരുന്നത്.
കാന്തല്ലൂർ മേഖലയിൽ ഇരുപതിലധികം കാട്ടാനകളാണ് നാശം വിതയ്ക്കുന്നത്. ശീതകാല പച്ചക്കറി, പഴവർഗ കൃഷികളും ഇവ നശിപ്പിക്കുന്നുണ്ട്. കരിമൂട്ടി, ഇന്ദിരാനഗർ തുടങ്ങിയ മേഖലയിലെ പല കർഷകരും കാട്ടാനക്കൂട്ടത്തെ ഭയന്ന് ഫലവൃക്ഷങ്ങൾ വെട്ടിക്കളഞ്ഞു.
മറയൂർ മേഖലയിൽ നാലുകൊമ്പൻമാരുടെ നേതൃത്വത്തിലാണ് ഭീതി പടർത്തുന്നത്. ഒറ്റക്കൊമ്പൻ, ഒന്നരക്കൊമ്പൻ, ചില്ലിക്കൊമ്പൻ, ഇരട്ടക്കൊമ്പൻ എന്നിവയുടെ കൂടെ ആറോളം ആനകളും സംഘങ്ങളിലുണ്ട്. മൂന്നുപേരെ കൊന്ന ഒന്നരക്കൊമ്പനും ഒറ്റക്കൊമ്പനും ഒറ്റയാൻമാരായിട്ടാണ് ഭീതിപടർത്തുന്നത്.
രണ്ടുവർഷം മുൻപ് രജനികുമാർ, ഖബി ബുള്ള, സെബാസ്റ്റ്യൻ എന്നിവരെയാണ് ഒന്നരക്കൊമ്പൻ ബാബുനഗർ പരിസരത്ത് കൊന്നത്. ഈ ഒറ്റയാൻ വീണ്ടും എത്തിയതിൽ ഗ്രാമവാസികൾ ഭീതിയിലാണ്.