കൊച്ചി: ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട ട്രാൻസ് ജെൻഡർ അനന്യ കുമാരി അലക്സിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി. ആത്മഹത്യയെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക ഫലം. അതേസമയം അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ അനന്യയുടെ അസ്വാഭാവിക മരണത്തിന് പിന്നിലെ കാരണങ്ങൾ വിശദമായി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
എറണാകുളം ജില്ലാ പോലീസ് മേധാവിയും സാമൂഹിക നീതി വകുപ്പ് ഡയറക്ടറും അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.
കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രകിയയിൽ പിഴവുണ്ടായോ എന്നറിയാൻ ചികിൽസാരേഖകൾ കൂടി പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചു.
രാവിലെ എട്ടുമണിയോടെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പത്തിന് പോസ്റ്റുമോർട്ടം തുടങ്ങി. പോസ്റ്റുമോർട്ടത്തിനുശേഷം പന്ത്രണ്ടു മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ നേതൃത്വത്തിൽ ആലുവയിൽ പൊതു ദർശനം ഒരുക്കിയിട്ടുണ്ട്. അതിനുശേഷം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോകും.
ചികിത്സാ പിഴവിനെ തുടർന്ന് അതിശക്തമായ വേദനയുമായി ജീവിക്കേണ്ടി വന്നതാണ് അനന്യയുടെ മരണത്തിന് പിന്നിലെ കാരണമെന്ന് മാധ്യമ പ്രവർത്തകനായ യൂസഫ് അൻസാരി മനുഷ്യാവകാശ കമ്മീഷന് സമർപ്പിച്ച പരാതിയിൽ പറയുന്നു. അവയവ മാറ്റ ശസ്ത്രക്രിയകൾ സർക്കാരിൻ്റെ നിരീക്ഷണത്തിലാക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. ഇത്തരം ശസ്ത്രക്രിയകൾക്ക് കൃത്യമായ ചട്ടം രൂപീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.