കൊച്ചി: കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ അഫ്ഗാന്‍ പൗരന്‍ അറസ്റ്റിലായ സംഭവത്തിൽ അടിമുടി ദുരൂഹതയെന്ന് കേന്ദ്ര ഏജന്‍സികള്‍. ഈദ് ഗുല്‍ ഇന്ത്യയിലെത്തിയത് ഒരു രോഗിയുടെ സഹായിയെന്ന പേരിലാണ് പക്ഷേ രോഗിയെ സംബന്ധിച്ചോ, രോഗി നിലവില്‍ എവിടെയെന്ന കാര്യത്തിലോ വിവരമില്ല. ഇതാണ് സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നത്.
ഇയാളെ ജോലിക്കെത്തിച്ച കരാറുകാരനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യും. ഈദ് ഗുല്‍ വിമാനവാഹിനിയില്‍ ജോലി ചെയ്തത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നാണ് വിലയിരുത്തൽ. ഇയാളെ ഇന്ന് കസ്റ്റഡിയില്‍ ആവശ്യപ്പെടും. ചാരപ്രവര്‍ത്തനമടക്കമുള്ള കാര്യങ്ങളും അന്വേഷണ പരിധിയില്‍ വരും.
വിമാനവാഹിനിയുമായി ബന്ധപ്പെട്ടുണ്ടാകുന്നത് തുടര്‍ച്ചയായ പാളിച്ചകളെ സംബന്ധിച്ചും അന്വേഷണം നടത്തും. 2019ല്‍ നടന്ന മോഷണം, രാജ്നാഥ് സിംഗിന്റെ സന്ദര്‍ശനത്തിനിടയിലെ സുരക്ഷാ വീഴ്ച തുടങ്ങിയവ നേരത്തെയുണ്ടായതാണ്. ഇക്കാര്യങ്ങളുമായി അഫ്ഗാന്‍ പൗരനുമായി ബന്ധപ്പെട്ടുള്ളവരുടെ പങ്കും പരിശോധിക്കും.
കരാര്‍ തൊഴിലാളികളുടെ പശ്ചാത്തലം അന്വേഷിക്കണമെന്ന നിര്‍ദ്ദേശം പാലിക്കാതിരുന്നതാണ് ഗുരുതര സുരക്ഷാ വീഴ്ചയ്‌ക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.