തിരുവനന്തപുരം: സ്പ്രിംഗ്ലർ കേസില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം അതീവഗൗരമാണെന്ന് കോടതി അംഗീകരിച്ചിരിക്കുകയാണ് ചെയ്തത്. ഇടക്കാല ഉത്തരവിലൂടെ പ്രതിപക്ഷം ഉന്നയിച്ച 99 ശതമാനം കാര്യങ്ങള്‍ക്കും പരിഹാരമുണ്ടായിരിക്കുകയാണ്. ഇനി വിശദമായ വാദം കേട്ടിട്ടാവും നടപടി ക്രമങ്ങളിലെ വീഴ്ചയുടെ കാര്യത്തില്‍ തീര്‍പ്പുണ്ടാവുക. സര്‍ക്കാരിന് അല്പമെങ്കിലും മാന്യത ഉണ്ടെങ്കില്‍, അന്തസ്സുണ്ടെങ്കില്‍ സ്പ്രിംഗ്ലറുമായുള്ള കരാര്‍ റദ്ദാക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി.
പ്രതിപക്ഷം ഉന്നയിച്ച സുപ്രധാനമായ അഞ്ചു കാര്യങ്ങളില്‍ കോടതി തീര്‍പ്പുണ്ടാക്കിയിരിക്കുന്നു. ഡാറ്റായുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. വ്യക്തിയുടെ സമ്മതപ്രകാരം മാത്രമേ അവരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിക്കാവൂ എന്ന വാദവും കോടതി അംഗീകരിച്ചു. ഡാറ്റായുടെ വ്യക്തിഗത രഹസ്യാത്മകത നിലനിര്‍ത്തണമെന്ന് ആവശ്യവും കോടതി അംഗീകരിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കോടതി പരാമര്‍ശങ്ങളും വാക്കാലുള്ള നിര്‍ദ്ദേശങ്ങളും കണക്കിലെടുത്താല്‍ കരാറുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് ധാര്‍മ്മികമായ അവകാശമില്ല. സ്പ്രിംഗ്ലർ ഇല്ലെങ്കില്‍ കൊറോണയെ നേരിടാന്‍ സാധ്യമല്ലെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഡാറ്റാ അനാലിസിസിന് എല്ലാ സൗകര്യവും ചെയ്തു കൊടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടും അത് അംഗീകരിച്ചില്ല. കൊറോണയുടെ മറവില്‍ നടന്ന കള്ളക്കളിയും കച്ചവടവും അഴിമതിയും നേരിടാനുള്ള യു.ഡി.എഫിന്റെ മുന്നേറ്റം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി