തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് അപകടങ്ങളിൽ കൂടുതലും ഗ്രാമ റോഡുകളിൽ. അതും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ രാത്രി രാത്രി ഒൻപത് വരെയാണ് കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നതും. 2019വരെയുള്ള അപകടങ്ങളെ വിലയിരുത്തി മോട്ടർ വാഹന വകുപ്പ് തയ്യാറാക്കിയ കർമപദ്ധതിയിലാണ് ഈ വിവരങ്ങളുള്ളത്.
തെരുവുവിളക്കുകൾ ഇല്ലാത്തതാണു അപകടങ്ങൾക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. റോഡിലെ തിരക്ക്, തെരുവു വിളക്കുകളുടെ അഭാവം, ജോലികഴിഞ്ഞ് മടങ്ങുന്ന ഡ്രൈവർമാരുടെ ക്ഷീണം എന്നിവയാണ് അപകടമുണ്ടാകാൻ പ്രധാന കാരണങ്ങളായി കണ്ടെത്തിയിട്ടുള്ളത്.
കണക്കുകളനുസരിച്ച് 2019ൽ കേരളത്തിലെ നഗരപ്രദേശങ്ങളിൽ 12,798 അപകടങ്ങളിൽ 1244 മരണങ്ങളുണ്ടായി. ഗ്രാമങ്ങളിലെ റോഡുകളിൽ 28,313 അപകടങ്ങളിലായി 3196 പേർ മരിച്ചു. കേരളത്തിൽ അപകടങ്ങളിൽ മരിക്കുന്നവരിൽ 28% കാൽനട യാത്രക്കാരാണ്.