കോതമംഗലം: ഇടമലയാർ ഡാമിൽ ഒരാഴ്ചയ്ക്കിടെ ജലനിരപ്പ് നാല് മീറ്റർ ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 മീറ്ററോളം കൂടുതലാണിത്. 148.65 മീറ്ററാണ് ഞായറാഴ്ചത്തെ ജലനിരപ്പ്. പെരിയാറിലെ ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ ഭൂതത്താൻകെട്ട് ഡാമിലെ 15 ഷട്ടറുകളും ഒരാഴ്ചയിലേറെയായി തുറന്നിരിക്കുകയാണ്.
ഇടമലയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയും നീരൊഴുക്കും ശക്തമായി തുടരുന്നതിനാൽ ജലനിരപ്പ് ഉയരുന്നുണ്ട്. ഒരാഴ്ച മുമ്പ് 100 മില്ലിമീറ്ററിനു മുകളിൽ റെക്കോഡ് മഴ ലഭിച്ചിരുന്നു. ഞായറാഴ്ച 35 മില്ലിമീറ്റർ മഴയാണ് കിട്ടിയത്. ഡാമിന്റെ പരമാവധി സംഭരണശേഷി 169 മീറ്ററാണെങ്കിലും കാലവർഷവും കാലാവസ്ഥാ വ്യതിയാനവും കണക്കിലെടുത്ത് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം 161.75 മീറ്ററിലെത്തിയാൽ റെഡ് അലെർട്ട് നൽകി ഡാം തുറക്കും. അതിന് ഇനിയും 13 മീറ്റർ കൂടി ജലനിരപ്പ് ഉയരണം.
നാല് ദിവസത്തെ അറ്റകുറ്റപ്പണിക്കു ശേഷം വെള്ളിയാഴ്ച മുതൽ ഇടമലയാറിലെ 75 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററുകളും പ്രവർത്തനക്ഷമമായി. ഭൂതത്താൻകെട്ട് ഡാമിൽ ജലനിരപ്പ് 28 മീറ്ററാക്കി നിയന്ത്രിച്ചിരിക്കുകയാണ്. ഡാമിന്റെ ഷട്ടറുകൾ തുറന്നിരിക്കുന്നതിനാൽ പെരിയാറിൽ ഒഴുക്ക് ശക്തമാണ്. മുഴുവൻ ഷട്ടറുകളും ആറ് മീറ്റർ വീതം ഉയർത്തിയതായി പെരിയാർ വാലി അധികൃതർ അറിയിച്ചു. ഡാമിന് സമീപത്ത് തടാകത്തിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ചെക്ക് ഡാം ഷട്ടറും ഉയർത്തി വെള്ളം പുഴയിലേക്ക് തുറന്നുവിട്ടു. തടാകത്തിന് സമീപത്തും കനാൽ ഭാഗത്തുമുള്ള വീടുകൾക്ക് വെള്ളപ്പൊക്ക ഭീഷണി ഉണ്ടാവാതിരിക്കാനാണ് ചെക്ക് ഡാം തുറന്നത്.