തൃശ്ശൂർ: രാജ്യത്തെ പുരുഷന്മാർക്കും പ്രശ്നങ്ങൾ ഏറെ. അവർ പരസ്യമായി പറയാറില്ലെന്ന് മാത്രം. പുരുഷന്മാരുടെ പ്രശ്നങ്ങളിൽ സഹായം നൽകാനായി പത്ത് സന്നദ്ധ സംഘടനകളൊരുക്കിയ ഹെൽപ്പ് ലൈനിലേക്ക് കഴിഞ്ഞ വർഷമെത്തിയത് 62,402 വിളികൾ. ഈ വർഷം ഇതേവരെയെത്തിയത് 28,217 വിളികളും. ഏറ്റവും കൂടുതൽ വിളികളെത്തുന്നത് ഡെൽഹിയിൽനിന്ന്.
കേരളത്തിൽനിന്ന് കഴിഞ്ഞ വർഷം വിളിച്ചത് 440 പേർ. ഈ വർഷം ഇതേവരെ 266. സേവ് ഇന്ത്യൻ ഫാമിലി എന്ന പേരിൽ രജിസ്റ്റർ ചെയ്ത കൂട്ടായ്മയാണ് രാജ്യാന്തര തലത്തിൽ ഹെൽപ്പ് ലൈൻ തുടങ്ങിയത്. ഹെൽപ്പ്ലൈനിൽ ഒൻപത് എക്സ്റ്റൻഷൻ നന്പറുകളുണ്ട്. രാജ്യത്തെ ഏത് ഭാഷയിലും സംസാരിക്കാനാകുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.
മലയാളത്തിലുള്ള എക്സ്റ്റൻഷൻ നമ്പർ ഒൻപതാണ്. തൃശ്ശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന രജിസ്റ്റേഡ് സംഘടനയായ പുരുഷാവകാശ സംരക്ഷണ സമിതിക്കാണ് കേരളത്തിലേക്കുള്ള ഹെൽപ്പ് ലൈനിന്റെ ചുമതല.
ഓരോ എക്സ്റ്റൻഷനിലേക്കും എത്തുന്ന വിളികൾ അഞ്ച് ഫോണുകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അതിനാൽ ഒരേ സമയം അഞ്ചുപേർക്ക് ഒരു എക്സ്റ്റൻഷൻ നമ്പറിൽ ബന്ധപ്പെടാനാകും. ഹെൽപ്പ് ലൈൻ ചെലവിനായി പ്രതിവർഷം 50,000 രൂപ ടെലിഫോൺ കമ്പനിക്ക് നൽകുന്നുണ്ട്. പത്ത് സന്നദ്ധ സംഘടനകളും ഇത് തുല്യമായി വീതിച്ച് നൽകുകയാണ്.
വ്യാജപരാതികൾക്ക് ഇരയാകുന്ന പുരുഷന്മാർക്ക് നിയമപരമായ സഹായവും മാനസിക പിന്തുണയും നൽകുകയെന്ന ലക്ഷ്യത്തോടെയാണ് സേവ് ഇന്ത്യൻ ഫാമിലി ഹെൽപ്പ് ലൈൻ തുടങ്ങിയത്. ആയിരക്കണക്കിന് പുരുഷന്മാരെ കള്ളക്കേസിൽനിന്നും ആത്മഹത്യയിൽനിന്നും രക്ഷിക്കാനായെന്ന് കൂട്ടായ്മ അവകാശപ്പെടുന്നു.